പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. പട്ടാമ്പി പള്ളിപ്പുറം സ്വദേശി ഷൗക്കത്തലി, പുലാമന്തോൾ കുരുവമ്പലം സ്വദേശി പ്രണവ് എന്നിവരാണ് പടിയിലായത്. ഇവരിൽ നിന്നും 44 ഗ്രാം എംഡിഎംഎ പിടികൂടി.
ബെംഗളുരുവിൽ നിന്നെത്തിയ യുവാക്കൾ പാലക്കാട് സ്റ്റേഷനിൽ ഇറങ്ങി. പട്ടാമ്പിക്ക് പോകുന്നതിനായി പ്ലാറ്റ്ഫോമിൽ നിന്ന് പ്രധാനകവാടത്തിലൂടെ പുറത്തേക്കിറങ്ങുമ്പോൾ സംശയാസ്പദമായ രീതിയിൽ യുവാക്കളെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പരിശോധന നടത്തിയത്. പട്ടാമ്പി-കൊപ്പം മേഖലയിൽ ലഹരി വിൽപ്പന നടത്തുന്നവർക്കിടയിലെ മൊത്തവിതരണക്കാരാണ് ഇവരെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിന്റെയും പാലക്കാട് എക്സൈസ് സർക്കിളിന്റെയും സ്പെഷ്യൽ സ്ക്വാഡിന്റെയും നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അതേസമയം ബംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. ജനറൽ കമ്പാർട്ട്മെന്റിൽ നിന്നുമാണ് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ കണ്ടെടുത്ത ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച 57 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ട്രെയിൻ മാർഗം ലഹരി കടത്തുന്നതിന് എതിരെയുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ആർപിഎഫ് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.
Comments