ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം പ്രസിദ് കൃഷ്ണ വിവാഹിതനായി. ഐടി ഉദ്യോഗസ്ഥയായ രചന കൃഷ്ണനാണ് വധു. കഴിഞ്ഞ ദിവസമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ബെംഗളൂരിൽ നടന്ന ആഡംബര പൂർവമായ വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും പ്രസിദിന്റെ സഹതാരങ്ങളും പങ്കെടുത്തു. വിവാഹ ചിത്രങ്ങൾ താരം തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യർ, ലഖ്നൗ സൂപ്പർ ജയന്റ്സ് താരം കൃഷ്ണപ്പ ഗൗതം, രാജസ്ഥാൻ റോയൽസ് താരം ദേവ്ദത്ത് പടിക്കൽ തുടങ്ങിയവർ താരത്തിന്റെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു. ദമ്പതികൾക്കൊപ്പം താരങ്ങൾ പോസ് ചെയ്ത ചിത്രവും ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.
രാജസ്ഥാൻ റോയൽസിന്റെ പ്രധാന പേസർമാരിൽ ഒരാളായ പ്രസിദ് പരിക്കുകൾ കാരണം ഇത്തവണത്തെ ഐപിഎല്ലിൽ കളിച്ചിരുന്നില്ല. 2018ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയായിരുന്നു താരത്തിന്റെ തുടക്കം. ഇന്ത്യയ്‌ക്ക് വേണ്ടി പ്രസിദ് ഇതുവരെ 14 ഏകദിനങ്ങൾ കളിച്ചിരുന്നു.
Comments