അമർനാഥ് തീർത്ഥാടകരുടെ ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തി അധികൃതർ. ഉയർന്ന കലോറിയുള്ള ആഹാരങ്ങൾ തീർത്ഥാടനത്തിന് പോകുമ്പോൾ കഴിക്കരുതെന്നും കയ്യിൽ കരുതരുതെന്നുമാണ് നിർദ്ദേശം. വറുത്തതും മധുരമുള്ളമുതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. ഫാസ്റ്റ് ഫുഡും ജിലേബി, ഗുലാബ് ജാമുൻ, രസഗുല്ല തുടങ്ങിയ ജനപ്രിയ മധുരപലഹാരങ്ങളും തീർത്ഥാടകർക്ക് നൽകില്ല. ചോല-ഭാതുര, പൂരി, പിസ്സ, ബർഗർ, ദോശ, ചൗമീൻ എന്നിവയും നിരോധിക്കും.
14 കിലോമീറ്റർ ദൈർഘ്യമുള്ള പർവത യാത്രയ്ക്കൊപ്പമുള്ള യാത്രയിൽ ലംഗാർ, ഭക്ഷണശാലകൾ, തീർഥാടകർക്കും മറ്റ് സേവന ദാതാക്കൾക്കും ഭക്ഷണം വിളമ്പുകയും വിൽക്കുകയും ചെയ്യുന്ന കടകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. അധികൃതർ നിർദ്ദേശിക്കും പ്രകാരമുള്ള ആരോഗ്യ മെനു കച്ചവടക്കാർ പാലിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. 62 ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം ജൂലൈ ഒന്നിന് ആരംഭിച്ച് ഓഗസ്റ്റ് 31-നാണ് സമാപിക്കുക.
തീർത്ഥാടകർക്ക് കഴിക്കാവുന്നവ:-
പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയ മെനുവിന് അധികാരികൾ അംഗീകാരം നൽകിയിട്ടുണ്ട്. തീർത്ഥാടകർക്ക് ഊർജ്ജം പകരാൻ ഇത്തരം ആഹാരങ്ങൾക്ക് കഴിയുമെന്നതിനാലാണ് തീരുമാനം. തളർച്ച അനുഭവപ്പെടാതെ ആരോഗ്യത്തോടെ ഇരിക്കാൻ താഴെ പറയുന്ന ഭക്ഷണങ്ങൾ സഹായിക്കുന്നു. ചോറ്, ചേന വറുത്ത് തയ്യാറാക്കുന്ന വിഭവങ്ങൾ, ഊത്തപ്പം, ഇഡ്ഡലി, ദാൽ-റൊട്ടി, ചോക്ലേറ്റ് എന്നിവ ഉൾപ്പെടുന്നു. ഓട്സ്, ഡ്രൈ ഫ്രൂട്ട്സ്, തേൻ, പുഴുങ്ങിയ പലഹാരങ്ങൾ എന്നിവയും തീർത്ഥാടന വേളയിൽ കഴിക്കാം. ഉയർന്ന പ്രദേശങ്ങളിൽ യാത്ര ചെയ്യുമ്പോൾ ചില ഭക്ഷണങ്ങൾ അനുയോജ്യമല്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് മെനുവിൽ മാറ്റം വരുത്തിയതെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ഉയരത്തിൽ വിറ്റാമിനുകളും ധാതുക്കളുമാണ് ആവശ്യം. പഴങ്ങളും പച്ചക്കറികളും ലഭ്യമല്ലാത്തപ്പോൾ മാത്രം ഹൈപ്പോക്സിയ തടയാൻ ഇരുമ്പ്, വിറ്റാമിൻ ഡി എന്നിവയുടെ സപ്ലിമെന്റുകൾ കഴിക്കാവുന്നതാണ്.
ഉയർന്ന പ്രദേശങ്ങളിൽ യാത്ര ചെയ്യുമ്പോൾ നിർജ്ജലീകരണം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് വഴി ക്ഷീണം, ശ്വാസതടസം എന്നിവയ്ക്ക് കാരണമാകും. അതിനാൽ ഓരോ മൂന്ന് മണിക്കൂറിലും കുറഞ്ഞത് ഒരു ലിറ്റർ വെള്ളം കുടിക്കേണ്ടതാണ്. യാത്രയിൽ ഊർജ്ജത്തോടെ ഇരിക്കാനായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കഴിക്കണം. ഇതുവഴി പേശികളെ സജീവമാക്കാൻ കഴിയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ഇത് സഹായിക്കും.
ഇക്കാര്യങ്ങൾ പാലിക്കുക:-
മദ്യം ഒഴിവാക്കക്കേണ്ടതാണ്. അമിതമായ കഫീൻ ഉപഭോഗവും ഒഴിവാക്കുക. എന്നാൽ ഭക്ഷണം ഒഴിവാക്കരുത്. കൃത്യമായ ഇടവേളകളിൽ പോഷക സമൃദ്ധമായ ആഹാരം കഴിക്കണം. എനർജി ബാറുകളും സ്പോർട്സ് പാനീയങ്ങളും യാത്രയിൽ കരുതേണ്ടതാണ്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ യാത്രയിൽ കരുതരുത്. മൂത്രശങ്ക ഭയന്ന് വെള്ളം കുടിക്കുന്നത് നിയന്ത്രിക്കരുത്.
Comments