ന്യൂഡൽഹി: രാജ്യത്തെ ഭരണപ്രക്രിയയും നയനിർവഹണവും മെച്ചപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ആദ്യ ദേശീയ കോൺക്ലേവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ പ്രഗതി മൈതാനിലെ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പരിശീലന കോൺക്ലേവിന്റെ ഉദ്ഘാടനം ചടങ്ങ് നടന്നത്. സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, റീജിയണൽ, സോണൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയുൾപ്പെടെ 1500-ലധികം പ്രതിനിധികളാണ് കോൺക്ലേവിൽ പങ്കെടുത്തത്.
കേന്ദ്ര സർക്കാർ വകുപ്പുകൾ, സംസ്ഥാന സർക്കാരുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രധാന ആശങ്കകൾ ഉൾപ്പെടെ എട്ട് പാനൽ ചർച്ചകൾ കോൺക്ലേവിൽ ഉണ്ടായിരുന്നു. ആശയ വിനിമയം, രാജ്യം നേരിടുന്ന വെല്ലുവിളികൾ, ലഭ്യമായ അവസരങ്ങൾ കണ്ടെത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കോൺക്ലേവ് നടക്കുന്നത്.
പരിശീലന കോൺക്ലേവിലൂടെ സിവിൽ സർവീസിന്റെ ശേഷി വർദ്ധിപ്പിക്കുകയും രാജ്യത്തെ ഭരണ പ്രക്രിയയും നയ നിർവഹണവും കൂടുതൽ മെച്ചപ്പെടുകയും ചെയ്യുന്നു. സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള സിവിൽ സർവീസുകാർക്കുള്ള പരിശീലനം മെച്ചപ്പെടുത്തുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് ദേശീയ പരിശീലന കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
Comments