മുംബൈ: ടെലിവിഷൻ താരം റുബീന ദിലായ്‌ക്കിന് വാഹനാപകടത്തിൽ പരിക്കേറ്റു. മുംബെെയിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു അപകടമുണ്ടായത്. നടി സഞ്ചരിച്ച കാറിന്റെ പിന്നിൽ മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. നടിയുടെ തലയ്‌ക്ക് പിന്നിൽ പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. കാറോടിച്ചത് നടിയുടെ ഡ്രൈവറായിരുന്നു.
റുബീനയുടെ ഭർത്താവ് അഭിനവ് ശുക്ലയായിരുന്നു അപകടവാർത്ത അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികണം. വാഹനങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. റുബീനയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അഭിനവ് ശുക്ല ട്വീറ്റ് ചെയ്തു. അപകടസമയത്ത് പിക്കപ്പ് ഡ്രെെവർ ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നും റുബീനയുടെ ഭർത്താവ് ആരോപിച്ചു.
ഭർത്താവിന്റെ ട്വീറ്റിന് പിന്നാലെ ആരോഗ്യവിവരം പങ്കുവെച്ചുകൊണ്ട് നടിയും എത്തി. തന്റെ മെഡിക്കൽ പരിശോധന കഴിഞ്ഞുവെന്നും കാര്യങ്ങളെല്ലാം നല്ല നിലയിലാണെന്നും അവർ ട്വിറ്ററിലൂടെ അറിയിച്ചു. അശ്രദ്ധമായി വാഹനമോടിച്ച പിക്കപ്പ് ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി വ്യക്തമാക്കി.
ഖത്രോം കെ കിലാഡി, ഝലക് ദിക്ലാ ജാ എന്നിവയാണ് റുബീനയുടെ പ്രധാനപ്പെട്ട ടെലിവിഷൻ ഷോകൾ. പുനർവിവാഹ്-ഇക് നയീ ഉമീദ്, സിന്ദൂർ ബിൻ സുഹാഗൻ, ഛോട്ടി ബാഹു തുടങ്ങിയ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് സീസൺ 14-ലെ ജേതാവ് കൂടിയാണ് റുബീന.















