ന്യൂഡല്ഹി: റെയില്വേ സ്റ്റേഷനുകളിലെ കൗണ്ടറുകളില്നിന്ന് നേരിട്ട് വാങ്ങുന്ന ട്രെയിന് ടിക്കറ്റുകള്ക്കും യാത്രാ ഇന്ഷുറന്സ് പരിരക്ഷ ഏര്പ്പെടുത്തണമെന്ന് സുപ്രീംകോടതി. ഒക്ടോബര് 27 മുതല് രാജ്യത്തെ എല്ലാ റെയില്വേ സ്റ്റേഷനുകളിലും ഈ സൗകര്യം നടപ്പാക്കാനാണ് നിര്ദേശം. 2023ലെ ഒഡീഷ ട്രെയിന് അപകടത്തെക്കുറിച്ച് അന്വേഷണം നടത്താന് കമ്മീഷനെ നിയോഗിക്കണമെന്നും ട്രെയിനുകള് കൂട്ടിയിടിക്കുന്നത് തടയാനുള്ള കവച് സംവിധാനം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്ദേശം. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് ഉള്പ്പെടെ കൗണ്ടറുകളില്നിന്ന് ടിക്കറ്റെടുക്കുന്ന യാത്രക്കാര്ക്കും ഇന്ഷുറന്സ് പരിരക്ഷ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു.
കൗണ്ടര് ടിക്കറ്റുകള്ക്കും ഇന്ഷുറന്സ് ഏര്പ്പെടുത്തുന്നതിനുള്ള നടപടികള് ആലോചിച്ചുവരികയാണെന്ന് മേയ് 11ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ഓണ്ലൈന് ടിക്കറ്റുകള്ക്ക് ബാധകമായ അതേ നിബന്ധനകളിലായിരിക്കും കൗണ്ടര് ടിക്കറ്റുകള്ക്കും ഇന്ഷുറന്സ് ലഭിക്കുക. നിലവില് ഐആര്സിടിസി വഴി ഓണ്ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്ക്കാണ് യാത്രാ ഇന്ഷുറന്സ് തിരഞ്ഞെടുക്കാനുള്ള സൗകര്യമുള്ളത്. ഓണ്ലൈന് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള് ഇന്ഷുറന്സ് വേണമോ എന്ന് യാത്രക്കാര്ക്ക് സ്വയം തീരുമാനിക്കാം. ഒരാള്ക്ക് 45 പൈസയാണ് നിലവില് ഈ ഇന്ഷുറന്സിന്റെ പ്രീമിയമായി ഈടാക്കുന്നത്. അപകടത്തില് മരണം സംഭവിച്ചാല് 10 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണിത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
കൗണ്ടര് ടിക്കറ്റുകള്ക്കും ഇന്ഷുറന്സ് സൗകര്യം വ്യാപിപ്പിക്കുന്നതിലൂടെ ഓണ്ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാത്ത യാത്രക്കാര്ക്കും അപകട ഇന്ഷുറന്സ് ലഭ്യമാക്കുകയാണ് ലക്ഷ്യം.















