കണ്ണൂർ: പിണറായി സ്വദേശിനിയായ യുവതിയെ കതിരൂരിലെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പടന്നക്കര വിഒപി മുക്കിന് സമീപം സൗപർണികയിൽ മേഘ മനോഹരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച അർദ്ധ രാത്രിയോടെയാണ് മേഘയെ നാലാംമൈലിലെ അയപ്പ മഠത്തിന് സമീപമുള്ള ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിന്റെ രണ്ടാം നിലയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ തലശേരിയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂരിൽ ഒരു ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് വീട്ടിൽ തിരികെയെത്തിയതിന് ശേഷമായിരുന്നു സംഭവം. 2023 ഏപ്രിൽ രണ്ടിനായിരുന്നു മേഘയുടെ വിവാഹം. ഭർതൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണത്തിന് പിന്നിലെന്ന് കാണിച്ച് ബന്ധുക്കൾ കതിരൂർ പോലീസിൽ പരാതി നൽകി. യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
കോഴിക്കോട് ഹൈലൈറ്റ് മാളിൽ സോഫ്റ്റ് വെയർ എഞ്ചിനിയർ ഉദ്യോഗസ്ഥയായിരുന്നു മേഘ. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് കതിരൂർ പോലീസ് അറിയിച്ചു.
Comments