എറണാകുളം: ആറാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് യാത്രക്കാർക്ക് സമ്മാനവുമായി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ പിറന്നാൾ ദിനമായ ജൂൺ പതിനേഴിന് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് മെട്രോ. അന്നേദിവസം 20 രൂപമാത്രമാണ് നിരക്ക് ഈടാക്കുക. ഈ നിരക്കിൽ എവിടേയ്ക്ക് വേണമെങ്കിലും യാത്രക്കാർക്ക് മെട്രോയിൽ യാത്ര ചെയ്യാവുന്നതാണ്.
30,40,50,60 എന്നിങ്ങനെ വരുന്ന ടിക്കറ്റ് നിരക്കുകൾക്ക് പകരം പതിനേഴാം തീയതി 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാൻ സാധിക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
സാധാരണ കൊച്ചി മെട്രോയിൽ മിനിമം ചാർജ് പത്ത് രൂപയും പിന്നീടുള്ള ഓരോ പോയിന്റിനും പത്ത് രൂപ വീതം കൂട്ടി 10, 20, 30, 40 എന്നീ നിരക്കിലാണ് ടിക്കറ്റിന് ചാർജ് ഈടാക്കുന്നത്. ജൂൺ 17-ന് മിനിമം ചാർജായ പത്ത് രൂപ നിരക്ക് തുടരും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
കൊച്ചി മെട്രോയുടെ പിറന്നാൾ ദിനമായ ജൂൺ പതിനേഴിന് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. അന്നേദിവസം 20 രൂപ നിരക്കിൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപ അന്നേ ദിവസം തുടരും. 30,40,50,60 രൂപ വരുന്ന ടിക്കറ്റുകൾക്ക് പകരം പതിനേഴാം തീയതി വെറും 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാം.
Comments