തിരുവനന്തപുരം: എസ്എഫ്ഐ നേതാവിനെതിരെ വാർത്ത നൽകിയതിൽ മാദ്ധ്യമ പ്രവർത്തകയ്ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയതിനെതിരെ പരോക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാദ്ധ്യമങ്ങൾക്ക് പ്രശ്നം സംഭവിക്കുമ്പോഴെങ്കിലും മാദ്ധ്യമങ്ങൾ പ്രതികരിക്കണമെന്ന് ഗവർണർ പറഞ്ഞു. ശബ്ദമുയർത്തേണ്ടിടത്ത് ശബ്ദമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എസ്എഫ്ഐ പ്രവർത്തകരുടെ ക്രമക്കേടുകളിൽ പുതുമയൊന്നുമില്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം. അഭിമുഖത്തിൽ പങ്കെടുക്കാത്തവർ അസിസ്റ്റന്റ് പ്രൊഫസറാകുന്നുവെന്നും തിരഞ്ഞെടുപ്പിന് മത്സരിക്കാത്തവർ ജയിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
അതേസമയം അട്ടപ്പാടി കോളേജിൽ അഭിമുഖത്തിനായി എത്തിയ കെ.വിദ്യയ്ക്കൊപ്പം പ്രമുഖ എസ്എഫ്ഐ നേതാവുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടാം തീയതി രാവിലെയാണ് വിദ്യയും സുഹൃത്തും വെളുത്ത സ്വിഫ്റ്റ് കാറിൽ അട്ടപ്പാടി കോളജിൽ എത്തിയത്. വിദ്യയെ ഡ്രോപ്പ് ചെയ്ത വ്യക്തി ഉടൻതന്നെ കോളേജിന് പുറത്തേക്ക് പോയി. ശേഷം ഉച്ചയ്ക്ക് 12.30 ഓടെ തിരികെ വീണ്ടും കോളേജിലെത്തി വിദ്യയെ കാറിൽ കയറ്റി. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Comments