ഗോൾവരൾച്ച മാറ്റാൻ ഒരു യുവ സ്‌ട്രൈക്കറെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. 21 കാരനായ ഇർഫാൻ യാദ്വാദിനെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ദി ബ്രിഡ്ജ് റിപ്പോർട്ട് ചെയ്യുന്നു. വരുന്ന സീസണിൽ ടീമിനെ ഉടച്ചുവാർക്കുന്നതിന്റെ ഫലമായിട്ടാണ് യുവതാരത്തിനെ ടീമിലെത്തിക്കുന്നത്.
കഴിഞ്ഞ ബെംഗളൂരു സൂപ്പർ ഡിവിഷനിലും രണ്ടാം ഡിവിഷൻ ഐ-ലീഗിലും ടോപ് സ്‌കോറർ ആയിരുന്നു ഇർഫാൻ. ബെംഗളൂരു സൂപ്പർ ഡിവിഷനിൽ 18 കളികളിൽ നിന്ന് 15 ഗോളുകൾ താരം നേടി. സെക്കൻഡ് ഡിവിഷൻ ഐ-ലീഗിൽ ഇർഫാൻ 11 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളോടെ ടോപ് സ്‌കോറർ ആയി.
ബെംഗളൂരു യുണൈറ്റഡിനൊപ്പം സ്റ്റാഫോർഡ് കപ്പിൽ എട്ട് ഗോളുകളും താരം സ്‌കോർ ചെയ്തു. പഞ്ചിം ഫുട്‌ബോളേഴ്‌സിനായും ഗോവ പോലീസ് ക്ലബിനായും മുമ്പ് ഇർഫാൻ കളിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സിന് ഗോളടിക്കാൻ പറ്റിയ ഇന്ത്യൻ താരങ്ങൾ ഇല്ലെന്ന പ്രശ്‌നത്തിന് ഇർഫാൻ പരിഹാരം കാണുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കൊമ്പന്മാരുടെ വിദേശ സ്‌ട്രൈക്കർമാരും കഴിഞ്ഞ സീസണിൽ നിറം മങ്ങിയിരുന്നു.















