മുംബൈ: നടി ശിൽപ ഷെട്ടിയുടെ വീട്ടിലെ മോഷണക്കേസിൽ രണ്ടുപേർ പിടിയിൽ. നടിയുടെ ജുഹുവിലെ വീട്ടിൽ കഴിഞ്ഞ ആഴ്ചയായിരുന്നു മോഷണം നടന്നത്. സംഭവത്തിൽ വിലപിടിപ്പുള്ള ചില വസ്തുക്കൾ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ജുഹു പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
ജൂൺ എട്ടിന് 48-ാം ജന്മദിനം ആഘോഷിച്ച ശിൽപ ഷെട്ടി നിലവിൽ കുടുംബസമേതം ഇറ്റലിയിൽ വിദേശ പര്യടനത്തിലാണ്. ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായിരുന്ന ശിൽപ ഷെട്ടി ടെലിവിഷൻ ഷോകളിലൂടെയും നിറഞ്ഞ് നിന്നിരുന്നു. 14 വർഷത്തെ ഇടവേളക്ക് ശേഷം 2021ൽ ഹംഗാമ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ തിരിച്ചെത്തിയെങ്കിലും ചിത്രം പരാജയപ്പെട്ടിരുന്നു. രോഹിത് ഷെട്ടിയുടെ ഇന്ത്യൻ പോലീസ് ഫോഴ്‌സ് ആണ് അടുത്ത ചിത്രം.















