ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി പ്രൊഡക്ഷൻ കമ്പനി ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നു. ധോണി എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ആദ്യ സിനിമ തമിഴിലാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ടീസർ ധോണി തന്നെയാണ് ഫെയ്‌സ് ബുക്കിൽ പങ്കുവെച്ചത്. ധോണിയും ഭാര്യ സാക്ഷിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘ലെറ്റ്‌സ് ഗെറ്റ് മാരീഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം തെലുഗു, മലയാളം ഭാഷകളിലും പ്രദർശനത്തിനെത്തും.
കോമഡി ഫാമിലി എന്റർടെയ്‌നറായ ചിത്രം രമേശ് തമിഴ്മണിയാണ് സംവിധാനം ചെയ്യുന്നത്. ഹാരിഷ് കല്യാൺ നായകനാകുന്ന ചിത്രത്തിൽ ഇവാനയാണ് നായിക. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. സിനിമയുടെ ഓഡിയോ ലോഞ്ചും ട്രെയ്ലർ ലോഞ്ചും ഉടൻ തന്നെ നടക്കും.
ചിത്രത്തിന്റെ ഏറ്റവും ഒടുവിൽ റിലീസായ ടീസർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ 70 ലക്ഷത്തിലധികം വ്യൂസ് ഇതിനോടകം നേടിയിരുന്നു. ചിത്രത്തിൽ നദിയാ മൊയ്ദുവും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നതും.















