വാഷിംഗ്ടണ്‍: ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ ഫലം വിജയമാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. യുഎസ്സിലെ മേരിലാന്‍ഡില്‍ നിന്നുള്ള ഒരാളുടെ ജീവിതത്തില്‍ ഈക്കാര്യം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ആത്മവിശ്വാസത്തോടെ മുന്നേറി സാമാന്യം നല്ലൊരു തുകയുടെ ലോട്ടറിയാണ് ഇയാള്‍ക്ക് അടിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ഭാഗ്യം കൊണ്ട് മാത്രം ലഭിച്ചതാണന്ന് പറയാന്‍ സാധിക്കില്ല. നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവിലാണ് അദ്ദേഹത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായത്. ഭാഗ്യം തന്നെ തേടി വന്നില്ലെങ്കില്‍ നിരന്തര പരിശ്രമത്തിലൂടെ ഭാഗ്യത്തെ നേടിയെടുക്കാനാണ് ശ്രമിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
മേരിലാന്‍ഡില്‍ നിന്നുമുള്ള യുവാവ് ദീര്‍ഘകാലമായി ലോട്ടറിയെടുക്കുന്ന ആളാണ്. സമ്മാനം അടിക്കാത്തതില്‍ നിരാശയൊന്നും ഇല്ലാതെ തന്റെ പതിവ് രീതി അദ്ദേഹം തുടര്‍ന്നു. ലോട്ടറിയെടുക്കുന്നതില്‍ ഒരു വാശി അദ്ദേഹത്തിനുണ്ടായിരുന്നു. ഇത്തവണ ആ വാശി വിജയത്തിന്റെ പൂര്‍ണ്ണതയിലെത്തി നില്‍ക്കുകയാണ്. 50,000 ഡോളറാണ് അദ്ദേഹത്തിന് സമ്മാനമടിച്ചത്. ഏകദേശം 40 ലക്ഷത്തോളം രൂപ വരുന്നതാണ് സമ്മാനം. പത്ത് വര്‍ഷത്തിലേറെയായി സ്ഥിരം ഒരു നമ്പര്‍ മാത്രമാണ് ഇദ്ദേഹം ലോട്ടറി എടുക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. ഇത്തവണ അത് ഉപയോഗിച്ച് ബോണസ് മാച്ച് 5 ലോട്ടറി നറുക്കെടുപ്പിന്റെ ഭാഗമാകുകയായിരുന്നു മേരിലാന്ഡുകാരന്. ഇങ്ങനെയാണ് സമ്മാനമടിച്ചത്.
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായിട്ടും ലോട്ടറി അടിക്കാതിരുന്നിട്ടും തന്റെ പ്രിയപ്പെട്ട നമ്പര്‍ മാറ്റി മറ്റൊന്ന് പരീക്ഷിക്കാന്‍ തയാറായിരുന്നില്ല ഇദ്ദേഹം. ഒരേ നമ്പറില്‍ തന്നെ തുടരെ ലോട്ടറി ടിക്കറ്റുകള്‍ എടുത്തു. അവസാനം പത്ത് വര്‍ഷത്തിന് ശേഷമാണ് ഇഷ്ട നമ്പര്‍ ഭാഗ്യ നമ്പരായി മാറിയത്. മേരിലാന്‍ഡ് ടെമ്പിള്‍ ഹിള്സ് സ്വദേശിയാണ് അദ്ദേഹം. നാല് ഡോളറിന് ടിക്കറ്റ് വാങ്ങുമ്പോള്‍ സമ്മാനം അടിക്കുമെന്ന അമിത പ്രതീക്ഷയൊന്നും അദ്ദേഹത്തിനില്ലായിരുന്നു. ഇക്കഴിഞ്ഞ മെയ് 28-നായിരുന്നു നറുക്കെടുപ്പ്. 5-6-8-23-30 എന്നിങ്ങനെയായിരുന്നു നമ്പറുകള്‍. ഈ നമ്പറിലാണ് മേരിലാന്ഡുകാരന് സമ്മാനം അടിച്ചത്.
ഈ നമ്പറുകള്‍ എപ്പോഴും താന്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും വര്‍ഷങ്ങളായി തുടരുന്ന രീതി മാറ്റാന്‍ മടിയായിരുന്നുവെന്നും ലോട്ടറി ജേതാവായ യുവാവ് പറഞ്ഞു. ജാക്ക്പോട്ടിന് പുറമേ ചെറിയൊരു സമ്മാനം മുന്‍പും ഇയാളെ തേടി എത്തിയിട്ടുണ്ട്.
Comments