സംസ്ഥാനത്തെ 104 സർക്കാർ ഐ.ടി.ഐ.കളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. റെഗുലർ സ്കീമിലുള്ള 72 ട്രേഡുകളിലെ പ്രവേശനമാണ് നടക്കുന്നത്. ജൂലായ് 15 വരെ അപേക്ഷിക്കാം. അപേക്ഷകർക്ക് കുറഞ്ഞ പ്രായം 2023 ഓഗസ്റ്റ് ഒന്നിന് 14 തികഞ്ഞിരിക്കണം. ഡ്രൈവർ കം മെക്കാനിക്ക് ട്രേഡിലേക്ക് 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. പ്രവേശനത്തിനായി itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് ഉയർന്ന പ്രായപരിധി ഇല്ല.
എസ്.എസ്.എൽ.സി. ജയിച്ചവർക്കും, എസ്.എസ്.എൽ.സി. തോറ്റവർക്കും തത്തുല്യയോഗ്യതയുള്ളവർക്കും തിരഞ്ഞെടുക്കാവുന്ന ഏകവത്സര/ ദ്വിവത്സര/ എൻജിനിയറിങ്/ നോൺ എൻജിനിയറിങ്, എൻ.സി.വി.ടി./എസ്.സി.വി.ടി. ട്രേഡുകളാണ് നിലവിലുള്ളത്. സാക്ഷരതാമിഷൻ നടത്തുന്ന ലെവൽ എ സ്റ്റാൻഡേഡ് 10 തുല്യതാപരീക്ഷ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് തുല്യമായി പ്രവേശനത്തിന് പരിഗണിക്കും.
മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിന് സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ. സ്കൂൾതലത്തിൽ നടത്തുന്ന പത്താം ക്ലാസ് സ്കൂൾതല പരീക്ഷ വിജയിച്ചവരെയും നോൺ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിന് സി.ബി.എസ്.ഇ പത്താംക്ലാസ് സ്കൂൾതല പരീക്ഷയിൽ പങ്കെടുത്തവരെയും പരിഗണിക്കും.
അപേക്ഷകന് സംസ്ഥാനത്തെവിടെയുമുളള സർക്കാർ ഐ.ടി.ഐ.കളിലെ ഏത് സ്കീമിലേക്കും അപേക്ഷിക്കാം. ഫീസ് 100 രൂപ. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനോടൊപ്പം സമീപത്തെ ഐ.ടി.ഐ.യിൽ എത്തി സർട്ടിഫിക്കറ്റ് പരിശോധന ജൂലായ് 18-നകം പൂർത്തിയാക്കണം. റാങ്ക് ലിസ്റ്റ് 22-ന് എക ജാലക പ്രവേശനപോർട്ടലിൽ അതത് ഐ.ടി.ഐ.കളുടെ പേജിലും/ഐ.ടി.ഐ.കളിലും പ്രസിദ്ധീകരിക്കും.
Comments