ന്യൂഡൽഹി: കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT 2026) പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. പുതിയ സമയക്രമം അനുസരിച്ച് സെപ്റ്റംബർ 22 വരെ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഐ.ഐ.എമ്മുകളിലും രാജ്യത്തെ പ്രമുഖ ബിസിനസ് സ്കൂളുകളിലും എം.ബി.എ പ്രവേശനത്തിനുള്ള പ്രധാന പരീക്ഷയായ CAT 2026 നവംബർ 29ന് നടക്കും. മൂന്ന് സെഷനുകളിലായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
അപേക്ഷ സമർപ്പിക്കുന്നതിനായി ഉദ്യോഗാർഥികൾ iimcat.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ആദ്യം യൂസർ ഐ.ഡിയും പാസ്‌വേഡും ജനറേറ്റ് ചെയ്ത് രജിസ്റ്റർ ചെയ്യണം. തുടർന്ന് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കാം. ആവശ്യമായ വിവരങ്ങളും രേഖകളും നൽകിയ ശേഷം ഓൺലൈനായി ഫീസ് അടച്ച് അപേക്ഷ പൂർത്തിയാക്കണം.
രാജ്യത്തെ 170ഓളം നഗരങ്ങളിലായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ. മുൻഗണനാക്രമത്തിൽ പരമാവധി അഞ്ച് നഗരങ്ങൾ തിരഞ്ഞെടുക്കാൻ അപേക്ഷകർക്ക് അവസരമുണ്ട്. എന്നാൽ ഒരു മേഖലയിൽ അപേക്ഷകരുടെ എണ്ണം കൂടുതലായാൽ, തിരഞ്ഞെടുത്ത നഗരങ്ങൾക്ക് സമീപമുള്ള മറ്റൊരു കേന്ദ്രം അനുവദിക്കാനുള്ള അധികാരം പരീക്ഷാ ബോർഡിനുണ്ടാകും. അനുവദിച്ച പരീക്ഷാ കേന്ദ്രം പിന്നീട് മാറ്റാൻ സാധിക്കില്ല.
CAT പരീക്ഷയുടെ ദൈർഘ്യം 120 മിനിറ്റാണ്. മൂന്ന് സെക്ഷനുകൾക്കും 40 മിനിറ്റ് വീതം ലഭിക്കും. പരീക്ഷയ്‌ക്കിടെ ഒരു സെക്ഷനിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ അനുവദിക്കില്ല.















