1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് സമ്മർ ഇൻ ബത്‌ലേഹം. വിദ്യാസാഗർ ഈണമിട്ട ഗാനങ്ങൾ ഇന്നും സിനിമ പോലെ തന്നെ മലയാളികളുടെ മനസിൽ നിറഞ്ഞ് നിൽപ്പുണ്ട്. ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു, ‘ഒരു രാത്രി കൂടി വിടവാങ്ങവേ’ എന്ന ഗാനം. ഈ ഗാനത്തെ കുറിച്ച് അധികമാരും അറിയാത്ത ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാ ണ് വിദ്യാസാഗർ.
ഈ ഗാനം മറ്റൊരു ചിത്രത്തിന് വേണ്ടിയാണ് ഈണമിട്ടതെന്ന് പറയുകയാണ് വിദ്യാസാഗർ. സംവിധായകൻ സിബി മലയിൽ ചെയ്യാനിരുന്ന തമിഴ് ചിത്രത്തിനായി ചെയ്ത ട്യൂൺ അദ്ദേഹത്തിന്റെ നിർദേശപ്രകാരം സമ്മർ ഇൻ ബത്ലഹേമിൽ ഉപയോഗിക്കുകയായിരുന്നു. ഇതേ ചിത്രത്തിലെ എത്രയോ ജന്മമായി എന്ന ഗാനവും സിബി മലയിലിന്റെ തമിഴ് ചിത്രത്തിനായി കമ്പോസ് ചെയ്തതായിരുന്നെന്നും വിദ്യാസാഗർ പറഞ്ഞു.
ചിത്രത്തിനായി ഗാനങ്ങളെഴുതിയത് ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു. യേശുദാസ്, എം.ജി. ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ, ചിത്ര, സുജാത എന്നിവരായിരുന്നു ഗാനങ്ങളാലപിച്ചത്. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവർക്കൊപ്പം അതിഥിവേഷത്തിൽ മോഹൻലാലും എത്തി. സിയാദ് കോക്കർ ആയിരുന്നു നിർമാണം. ഈ ചിത്രം പിന്നീട് ലേസാ ലേസാ എന്ന പേരിൽ പ്രിയദർശൻ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു.















