വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക’വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും’എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികൾക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ ആ വരികളിലുണ്ട്. ‘വായിച്ച് വളരുക’ എന്ന സന്ദേശമാണ് വായനാദിനത്തിൽ പങ്കുവെയ്‌ക്കുന്നത്. കൂടാതെ ജൂൺ 19 മുതൽ 26 വരെ വായനാവാരവും ആചരിക്കുന്നു. വായനയ്‌ക്ക് പ്രധാന്യം കുറഞ്ഞ് വരുന്ന കാലത്ത് വായനാദിനം ഏറെ പ്രാധാന്യമർഹിക്കുന്നു.
വിദ്യാർത്ഥികളിൽ പഠനം പുരോഗതി പ്രാപിക്കുന്നതിനും സ്വഭാവ രൂപീകരണത്തിനും അച്ചടക്കം ഉണ്ടാക്കുന്നതിനും വായന അനിവാര്യമാണ്. പുതിയ അറിവുകൾ, പുതിയ ചിന്തകൾ, പുതിയ ആശയങ്ങൾ ഇതൊക്കെ ഉണ്ടാകണമെങ്കിൽ ഒരുപാട് പുസ്തകങ്ങൾ വായിക്കണം. പഠിക്കുന്ന പുസ്തകങ്ങൾ മാത്രമല്ല പത്രങ്ങളും ആനുകാലികങ്ങളും കഥകളും കവിതകളും നോവലുകളുമൊക്കെ വായിക്കണം. ജീവിതത്തിൽ ഉന്നത വിജയം നേടിയവരുടെ ആത്മകഥകൾ വായിക്കണം. അവരൊക്കെ എങ്ങനെയാണ് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയതെന്ന് പഠിക്കണം. ഫ്രാൻസിസ് ബേക്കണിന്റെ അഭിപ്രായത്തിൽ ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടതാണ്. ചിലത് വിഴുങ്ങേണ്ടതും. അപൂർവ്വം ചില പുസ്തകങ്ങൾ ചവച്ചരച്ച് ദഹിപ്പിക്കേണ്ടതാണ്. കുഞ്ഞുണ്ണി മാഷ് പുസ്തകത്തെ ‘പുത്തകം’ എന്നാണ് വിളിച്ചിരുന്നത്. പുത്തൻ കാര്യങ്ങൾ അകത്തുള്ളതാണ് പുത്തകം.
നന്നായി വായിക്കുന്ന ഒരാൾക്ക് നന്നായി എഴുതുവാൻ കഴിയും, നന്നായി സംഭാഷണം ചെയ്യുവാനും സാധിക്കും. ശരീരം പുഷ്ടിപ്പെടാൻ ആഹാരം ആവശ്യമുള്ളതുപോലെ മനസ്സിന്റെ ആരോഗ്യത്തിനു വായന അത്യന്താപേക്ഷിതമാണ്. തെളിഞ്ഞ വായനയിലൂടെ മാത്രമേ മനുഷ്യത്വവും മനുഷ്യസ്നേഹവും സഹവർത്തിത്വവും സഹാനുഭൂതിയും കരുണയുമൊക്കെ ഒരാളിൽ ജന്മമെടുക്കുകയുള്ളൂ. അതുകൊണ്ടാണ് ‘പുസ്തകം വായിച്ചു വളരാത്തവൻ വെറും മൃഗമാണ് ‘ എന്നു ഷേക്സ്പിയർ പറഞ്ഞത്.
പിഎൻ. പണിക്കരുടെ ചരമ ദിനമായ ജൂൺ 19-നാണ് മലയാളികൾ വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പർ വൈസ് ചാൻസലർ’ എന്നാണ് സുകുമാർ അഴീക്കോട് പി എൻ പണിക്കറിനെ വിശേഷിപ്പിച്ചത്. കേരളത്തിലുടനീളം സഞ്ചരിച്ച് ‘വായിച്ചുവളരുക; ചിന്തിച്ച് വിവേകം നേടുക’ എന്ന് കുട്ടികളോട് ആഹ്വാനം ചെയ്തത് പണിക്കരാണ്.
ആലപ്പുഴ നീലംപേരൂരിൽ 1909 മാർച്ച് 1-ന് ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനനം.വായന ഏറെ ഇഷ്ടപ്പെട്ടിരുന്ന പണിക്കരുടെ മനസ്സിൽ വായനശാല എന്ന ആശയം രൂപം കൊള്ളുകയായിരുന്നു. 1926-ൽ ജന്മനാട്ടിൽ സനാതന ധർമം എന്ന ഗ്രന്ഥശാല സ്ഥാപിച്ച് വായന യാത്ര തുടങ്ങിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം രൂപംകൊണ്ടത്. കേന്ദീകൃത സംവിധാനമില്ലാതെ പ്രവർത്തിച്ചിരുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് ഗ്രന്ഥശാലകളെ കേരള ഗ്രന്ഥശാല സംഘത്തിന് കീഴിൽ കൊണ്ട് വരാനും അദ്ദേഹത്തിന് സാധിച്ചു.
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ എന്ന പേരിലാണ് പി. എൻ പണിക്കർ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമെന്നോണമാണ് കേരള പബ്ലിക് ലൈബ്രറീസ് ആക്ട് ഗവണ്മെന്റ് പാസാക്കിയത്. അദ്ദേഹത്തിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു വായനയെ സംരക്ഷിക്കുന്നതിനായി സർക്കാർ പ്രത്യേക നിയമം കൊണ്ട് വരികയെന്നത്.















