മലപ്പുറം: സംസ്ഥാനത്ത് പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ഗോകുൽ(13) ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് ഇന്നലെ രാത്രിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
കാലവർഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്ന് പിടിക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 69,222 പേർക്കാണ് പനി ബാധിച്ചത്. ഒരാഴ്ച്ചയ്ക്കിടെ 413 പേർക്ക് ഡെങ്കിപ്പനിയും 30 പേർക്ക് എലിപ്പനിയും ഒമ്പത് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.
4300 പേരാണ് പനിയെ തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുള്ളത്. വയറിളക്കം, ഛർദ്ദി തുടങ്ങിയ രോഗങ്ങളെ തുടർന്ന് 34 പേരാണ് ചികിത്സയിൽ കഴിയുന്നത്. പനി വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
Comments