ട്രിപ്പ് പോകാനും യാത്രകൾ ചെയ്യാനും താത്പര്യമില്ലാത്തവർ ചുരുക്കമായിരിക്കും. യാത്രകൾക്കായി അധികം പേരും തിരഞ്ഞെടുക്കുന്നത് റോഡ് മാർഗമായിരിക്കും. എവിടേയ്‌ക്കാണോ യാത്ര ചെയ്യുന്നത് എന്നത് പോലെ പ്രധാനമാണ് സഞ്ചരിക്കുന്ന പാതയും. റോഡിന്റെ ഇരുവശങ്ങളിലെ കാഴ്ചകളും മനോഹര വീഥിയും യാത്രയെ പുതുമയുള്ളതാക്കുന്നു. അത്തരത്തിൽ ഇന്ത്യയെ റോഡ് മാർഗം അറിയാൻ ആഗ്രഹിക്കുന്നവർക്കായി നല്ല അടിപൊളി റോഡുകളാണ് രാജ്യത്തുള്ളത്. രാജ്യത്തെ ഹൈവേകളിലൂടെയാണ് യാത്ര പോകാൻ പ്ലാൻ ചെയ്യുന്നതെങ്കിൽ ഈ വഴികളെ ഒഴിവാക്കരുതേ. അത്തരം അടിപൊളി റോഡുകളെ പരിചയപ്പെടാം…
1) ഹൈദരാബാദ്-വാറങ്കൽ ഹൈവേ
നിങ്ങൾ ഒരു പ്രകൃതി സ്‌നേഹിയാണെങ്കിൽ ഈ വഴിയിലൂടെ സഞ്ചരിച്ചിരിക്കണം. ഹൈദരാബാദ്, കാസിപേട്ട്, വാറങ്കൽ, ജങ്കാവോൺ തുടങ്ങിയ നഗരങ്ങളിലൂടെ തെലങ്കാനയിലെ കൊണ്ടങ്കലിനെയും ഛത്തീസ്ഗഡിലെ ഭോപ്പാൽ റോഡിനെയും ഈ ദേശീയ പാത ബന്ധിപ്പിക്കുന്നു . 474 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഹൈവേയ്‌ക്ക് ഇരുവശവും പച്ചപ്പ് നിറഞ്ഞ മനോഹരമായ കാഴ്ചയാണ്. പച്ചപ്പ് വിരിച്ച വിശാല പാത തീർച്ചയായും നവ്യാനുഭൂതി നൽകുമെന്നതിൽ സംശമില്ല.
2) മുംബൈ-പൂനെ എക്‌സ്പ്രസ്‌വേ
ഇന്ത്യയിലെ ആദ്യത്തെ ആറുവരി, അതിവേഗ നിയന്ത്രിത ആക്‌സസ് ഹൈവേയാണ് മുംബൈ-പൂനെ എക്‌സ്പ്രസ്‌വേ. മുംബൈ, കിവാലെ, കലംബോലി, പൂനെ എന്നിവയെ ബന്ധിപ്പിക്കുന്ന പാതയാണിത്. ഹൈവേയിലെ രണ്ട് മണിക്കൂർ യാത്രയിൽ അതിശയകരമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. 94.5 കിലോമീറ്ററാണ് ഹൈവേയുടെ നീളം.
3) മണാലി മുതൽ ലേ ഹൈവേ
ശാന്തമായതും മനസിന് കുളിർമയേകുന്നതുമായ കാഴ്ചയാണ് യാത്രക്കാർക്കായി ഈ 479 കിലോമീറ്റർ പാതയിലുള്ളത്. ഇരുവശത്തും പർവതനിരകളും പാറക്കൂട്ടങ്ങളും നിറഞ്ഞതാണ് ഹൈവേ. മണാലി, ലേ, ലാഹൗൾ, സ്പിതി എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ പാത.
4) ചെന്നൈ-പോണ്ടിച്ചേരി ഹൈവേ
കടൽ കാഴ്ചയും തണുത്ത കടൽക്കാറ്റും ചേർന്ന ഒരു യാത്രയാണോ നിങ്ങൾക്ക് വേണ്ടത്? എങ്കിൽ മികച്ച ഓപ്ഷനാണ് ഈസ്റ്റ് കോസ്റ്റ് റോഡ് എന്നറിയപ്പെടുന്ന ചെന്നൈ-പോണ്ടിച്ചേരി ഹൈവേ. 690 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് ബംഗാൾ ഉൾക്കടലിന് സമാന്തരമായി പോകുന്നു. ഈ ഹൈവേ ചെന്നൈ, കടലൂർ, പോണ്ടിച്ചേരി എന്നിവയെ ഉൾക്കൊള്ളുന്നു. പോണ്ടിച്ചേരിയിലെത്താൻ ഏറ്റവും മികച്ച റോഡാണിത്.
5) ബാംഗ്ലൂർ-ഊട്ടി ഹൈവേ
റോഡുകൾക്ക് ചുറ്റുമുള്ള പച്ച പുൽമേടുകളും ഉയരമുള്ള മരങ്ങളും ഉള്ള ഏറ്റവും മനോഹരമായ റോഡുകളിലൊന്നാണ് ബാംഗ്ലൂർ-ഊട്ടി ഹൈവേ. ബാംഗ്ലൂർ, ഊട്ടി, മുൽബാഗൽ, കോലാർ, മൈസൂരു എന്നിവയെ ഉൾക്കൊള്ളുന്നതാണ് ഈ ഹൈവേ. 533 കിലോമീറ്ററാണ് പാത.
6) ഗാംഗ്ടോക്ക് മുതൽ സോംഗോ തടാകം, നാഥു-ലാ പാസ് ഹൈവേ
ശൈത്യകാലത്തിന്റെ മനോഹാരിത അനുഭവിക്കാൻ കൊതിയുണ്ടോ, എങ്കിൽ സ്വപ്‌നഭൂമിയാണ് ഈ പാത. 37 കിലോമീറ്ററാണ് ഈ പാത. ജവഹർലാൽ നെഹ്റു റോഡിലൂടെയാണ് പാത പോകുന്നത്. ഗുവാഹത്തിയിൽ നിന്ന് ഹിമാലയൻ ഭൂമിയിലെ ഭൂപ്രദേശങ്ങളിലെത്താൻ എളുപ്പമാർഗമാണിത്.















