പലരും നേരിടുന്ന പ്രതിസന്ധിയാണ് മറവി. കാറിന്റെയും വീടിന്റെയും മറ്റും താക്കോലുകൾ മറക്കുന്നവരാണ് നമ്മളിൽ അധികവും. ഇവ നഷ്ടമായാൽ കണ്ടെത്താൻ നമ്മൾ ഒരുപാട് ബുദ്ധിമുട്ടാറുമുണ്ട്. എന്നാൽ അതിനൊരു പ്രതിവിധിയാണ് ജിയോ ടാഗ്. ബ്ലൂടൂത്ത് ട്രാക്കിംഗ് വഴി നമ്മുടെ വിലപ്പെട്ട വസ്തുക്കൾ എവിടെയാണുള്ളതെന്ന് കണ്ടെത്താൻ ജിയോ ടാഗ് സഹായിക്കും. സ്മാർട്ട്ഫോണിന്റെയും ആപ്പിന്റെയും സഹായത്തോടെ ട്രാക്ക് ചെയ്യാവുന്ന ചെറുതും എന്നാൽ ശക്തവുമായ ബ്ലൂടൂത്ത് ട്രാക്കിംഗ് ഉപകരണമാണ് ജിയോ ടാഗ്.
അടുത്തിടെയാണ് ജിയോ ബ്ലൂടൂത്ത് ട്രാക്കിംഗ് ഡിവൈസായ ജിയോ ടാഗ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ബ്ലൂടൂത്ത് 5.1 സാങ്കേതികവിദ്യയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് നിങ്ങൾക്ക് നിങ്ങളുടെ വിലപ്പെട്ട വസ്തുക്കളിൽ ടാഗ് ചെയ്യുകയും അത് വഴി മറന്നുവെച്ചതോ കാണാതെ പോയതോ ആയ വസ്തുക്കൾ കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും. ഇതിനായി നിങ്ങൾക്ക് വേണ്ടത് ഒരു സ്മാർട്ട് ഫോണും ജിയോ ടാഗ് ഡിവൈസുമാണ്. സ്മാർട്ട് ഫോണിൽ ജിയോ തിംഗ്‌സ് എന്ന ആപ്ലീക്കേഷൻ ഉണ്ടാകുകയും വേണം. ആപ്പ് ഉപയോഗിച്ച് നഷ്ടപ്പെട്ട വസ്തുക്കൾ ട്രാക്കുചെയ്യാൻ സാധിക്കും.
ബാഗ്, വാലറ്റ്, കീചെയിൻ അല്ലെങ്കിൽ സ്മാർട്ട്‌ഫോൺ തുടങ്ങി ഉപയോക്താക്കൾക്ക് എന്തിനോടും ജിയോ ടാഗ് അറ്റാച്ച് ചെയ്യാനും അതിന്റെ സ്ഥാനം വേഗത്തിൽ ട്രാക്ക് ചെയ്യാനും കഴിയും. വളർത്തുമൃഗങ്ങളെ ട്രാക്ക് ചെയ്യാനും ഇത് ഉപയോഗിക്കാം. ഇതിന് ഒരു വർഷത്തെ ബാറ്ററി ലൈഫുണ്ട്. വീടിനുള്ളിൽ 20 മീറ്ററും പുറത്ത് 50 മീറ്ററും ജിയോ ടാഗിന് റേഞ്ച് ഉണ്ട്.
ജിയോ ടാഗിന് ഡബിൾ ടാപ്പ് ഫീച്ചറും ഉണ്ട്. അത് വഴി ഉപയോക്താവിന്റെ ഫോൺ സൈലന്റ് മോഡിലാണെങ്കിലും റിംഗ് ചെയ്യും. അതിനാൽ തന്നെ ഇത് വഴി സ്മാർട്ട്‌ഫോണും കണ്ടെത്താനാകും. എന്തെല്ലാമാണ് ടാഗ് ചെയ്തിട്ടുള്ളതെന്ന് ജിയോ ടാഗ് അറിയിക്കുകയും ചെയ്യും. ഇതിനുപുറമെ മുൻപ് ടാഗ് ചെയ്തിരുന്ന വസ്തുക്കൾ ഇപ്പോൾ ടാഗ് ചെയ്തിട്ടില്ലെങ്കിലും ഇത് ഉപയോഗിച്ച് കണ്ടെത്താനാകും. കമ്മ്യൂണിറ്റി ഫൈൻഡ് നെറ്റ്വർക്ക് ഫീച്ചറാണ് ഇതിന് സഹായിക്കുന്നത്. ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സഹായിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങനെയാണ് അത് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല.















