പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന സന്ദർശനത്തിന് ഇന്നലെ തുടക്കമായി. ഊഷ്മള സ്വീകരണമാണ് അദ്ദേഹത്തിന് അമേരിക്കൻ ഭരണകൂടം നൽകിയത്. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗാദിന പരിപാടികൾ ലോക റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു.
വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും പ്രധാനമന്ത്രിയ്ക്കായി സ്വകാര്യ അത്താഴംവിരുന്ന് സംഘടിപ്പിക്കും. ഏറെ വിഭവസമൃദ്ധമായ വിരുന്നാണ് ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കായി ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ ദേശീയ പക്ഷി മയിലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിരുന്നൊരുക്കിയിരിക്കുന്നതെന്നും ത്രിവർണ പതാകയെ സൂചിപ്പിക്കും വിധം അലങ്കാരങ്ങളും വിരുന്നിലുണ്ടെന്ന് ജിൽ ബൈഡൻ വിശദീകരിച്ചു.
സസ്യഭുക്കായ നരേന്ദ്രമോദിയ്ക്കായി വിഭവസമൃദ്ധമായ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. വൈറ്റ് ഹൗസിലെ ഷെഫ് നിന കർട്ടിസിയുടെ നേതൃത്വത്തിലാണ് വിഭവങ്ങൾ തയ്യാറാക്കിയത്. പ്രധാനമന്ത്രിയുടെ ഇഷ്ടാനുസരണം മില്ലറ്റ് (തിന) വിഭാഗത്തിൽപ്പെട്ട വിഭവങ്ങളും വൈറ്റ് ഹൗസിൽ വിളമ്പും. ജോവർ, ബജ്റ, റാഗി, ഝങ്കോര, ബാരി തുടങ്ങിയവയാണ് തിന വിഭാഗത്തിൽപ്പെടുന്നവ.
മസാല ചേർത്ത് ഉണ്ടാക്കുന്ന മാരിനേറ്റഡ് മില്ലറ്റ്, ചോള കുരുക്കൾ ഗ്രില്ല് ചെയ്ത് ഉണ്ടാക്കിയ സലാഡ്, ഡ്രൈ തണ്ണിമത്തൻ, നാരങ്ങ-അവക്കാഡോ സോസ് എന്നിവയാണ് ഫസ്റ്റ് കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റഫ് ചെയ്ത പോർട്ടോബെല്ലോ കൂൺ, അരി വിഭവമായ റിസോട്ടോ, നാരങ്ങ-അയമോദക സോസ്, മില്ലറ്റ് കേക്ക്, സ്വാഷുകൾ എന്നിവയാണ് മെയ്ൻ കോഴ്സിൽ ഉൾപ്പെടുത്തിയത്. എല്ലാ മേശകളിലും ത്രിവർണ പതാകയുടെ വർണത്തിലുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
വിരുന്നിന് ശേഷം ഗ്രാമി അവാർഡ് ജേതാവ് ജോഷ്വ ബെൽ, യൂണിവേഴ്സിറ്റി ഓഫ് പെൽസിൽവാനിയയിലെ ദക്ഷിണേന്ത്യൻ ആകാപെല്ല ഗ്രൂപ്പായ പെൻ മസാല എന്നിവരുടെ സംഗീതസന്ധ്യ നടക്കും. ഇന്ത്യൻ സംഗീതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാകും സംഗീതനിശ. നിലാലവുള്ള സായാഹ്നത്തിൽ പുത്തൽത്തകിടിലൂടെ നടന്നാകും പ്രധാനമന്ത്രി വിരുന്നിനെത്തുക. വഴിയിൽ നിറയെ വെളിച്ചം പകരാനായി കണ്ണഞ്ചിപ്പിക്കുന്ന വിളക്കുകൾ പ്രകാശിപ്പിക്കും.
Comments