കൊച്ചി: നടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം താരസംഘട അമ്മ ഇടപെട്ട് പരിഹരിച്ചു. ആർ.ഡി.എക്സ് എന്ന ചിത്രത്തിന്റെ നിർമ്മാതാവ് സോഫിയ പോളാണ് താരത്തിനെതിരെ രേഖമൂലമുള്ള പരാതിയുമായി രംഗത്തെത്തിയിരുന്നത്. ഇതിനെ തുടർന്ന് ഷെയിനിനെതിരെ നിരവധി പരാതികളുയർന്നു. താരവുമായി നിർമ്മാതാക്കൾ സഹകരിക്കില്ലെന്ന പ്രഖ്യാപനമുണ്ടായതോടെ ഷെയ്ൻ നിഗം അമ്മയെ പ്രശ്‌ന പരിഹാരത്തിനായി സമീപിച്ചിരുന്നു.
ഇതിനൊപ്പം നടൻ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ ശനിയാഴ്ച സംഘടന തീരുമാനമെടുക്കും.ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നേരത്തെ ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടൻ താര സംഘടനയായ ‘അമ്മ’യിൽ അംഗത്വം നേടാൻ അപേക്ഷ നൽകിയത്. ഇരുവർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സാങ്കേതിക പ്രവർത്തകരും താരങ്ങളുമടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. അതേസമയം ഇരുവരെയും പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും നിരവധി ബുദ്ധിമുട്ടുകൾ ശ്രീനാഥ് ഭാസിയും ഷെയ്ൻ നിഗവും ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കിയിരുന്നു. അതേസമയം, അമ്മയിൽ പുതിയ അംഗത്വത്തിനായി 25ഓളം പേർ അപേക്ഷ സമർപ്പിച്ചുവെന്ന് വിവരങ്ങൾ. കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ ഉൾപ്പടെ ഏഴ് പേർക്ക് പുതിയതായി അംഗത്വം നൽകി. ബാക്കിയുള്ളവരുടെ കാര്യത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും.















