മലയാള സിനിമകളിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. അയ്യപ്പനായി പ്രേക്ഷകരുടെ ഹൃദയം കവരാൻ ഉണ്ണി മുകുന്ദന് കഴിഞ്ഞിരുന്നു. മാളികപ്പുറം എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം അതിന്റെ തിരക്കഥ തന്നെയാണ്. അഭിലാഷ് പിള്ളയുടെ മനോഹരമായ തിരക്കഥ സിനിമയുടെ നട്ടെല്ലാണ്. ഇപ്പോഴിതാ, നടൻ ദിലീപിനെ കണ്ടാണ് മാളികപ്പുറത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഭിലാഷ് പിള്ള. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
‘ഒരുപാട് സന്തോഷമുണ്ട്. സിനിമയുടെ ട്രെയിലർ ലോഞ്ചുകൾ ഏറ്റവും പിറകിൽ നിന്നും കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ദിലീപേട്ടന്റെ കടുത്ത ആരാധകനാണ് ഞാൻ. മാളികപ്പുറം എന്ന സിനിമയാണ് എന്നെ ഈ വേദിയിൽ എത്തിച്ചത്. എന്റെ ഒരു കഥ ദിലീപേട്ടൻ കേൾക്കണമെന്നാണ് ആഗ്രഹം’.
‘സത്യത്തിൽ മാളികപ്പുറം എന്ന സിനിമയുടെ തിരക്കഥ എഴുതുമ്പോൾ അയ്യപ്പനായി മനസ്സിൽ കണ്ടത് ദിലീപേട്ടനെയാണ്. ദിലീപേട്ടനെ മനസ്സിൽ വച്ചാണ് തിരക്കഥ എഴുതിയത്. പക്ഷെ അത് എനിക്ക് ചെയ്യാൻ പറ്റിയില്ല. മാളികപ്പുറത്തിന്റെ പ്രമോഷനായി പോകുന്ന ഇടത്തെല്ലാം ചോദിക്കുന്നത് ദിലീപേട്ടന്റെ സിനിമകളെപ്പറ്റിയാണ്. വർഷങ്ങൾക്ക് ശേഷം പ്രേക്ഷകർ തിയറ്ററിലേയ്‌ക്ക് ഒഴുകി എത്തിയത് മാളികപ്പുറത്തിനാണ്. അവരെല്ലാം ദിലീപേട്ടന്റെ പ്രേക്ഷകരാണ്’- അഭിലാഷ് പിള്ള.















