നമ്മുടെ എല്ലാവവരുടയും വീടുകളിലുള്ള ഒരു പ്രധാന പ്രശ്‌നമാണ് ചിലന്തി ശല്യം. ചിലന്തിയെ തുരത്താനായി നമ്മൾ പുറത്ത് നിന്ന് വാങ്ങുന്ന പല കീടനാശിനികളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും ഒരു ഉപയോഗവും ഉണ്ടാകാറില്ല. ഈ പ്രശ്‌നങ്ങൾക്കെല്ലാം ഒരു പോംവഴി ഇതാ. എല്ലാ വീടുകളുടെയും അടുക്കളയിലുള്ള വിഭവമാണ് വിനാഗിരി. ഇനി ചിലന്തി ശല്യം ഒഴിവാക്കാൻ കുറച്ച് വിനാഗിരി മാത്രം മതി.
വിനാഗിരിയിലൂടെ ചിലന്തിയെ മാത്രമല്ല ചുമരിൽ പിടിച്ചിരിക്കുന്ന ചെറു പ്രാണികളെയും തുരത്താനാകും. ഇതിനായി ആവശ്യാനുസരണം വിനാഗിരി എടുത്ത് കുറച്ച് പുതിനയില അതിലേയ്‌ക്ക് ചേർക്കുക. പുതിനയില കൈകൊണ്ട് ഞെരടിയും അരച്ചും ചേർക്കാവുന്നതാണ്. ശേഷം രണ്ടും നന്നായി മിക്‌സ് ചെയ്ത ശേഷം കുറച്ചു നേരം മാറ്റിവെക്കുക. അരമണിക്കൂറിന് ശേഷം ചിലന്തിശല്യമുള്ള മുക്കിലും മൂലയിലും സ്‌പ്രേ ചെയ്യാവുന്നതാണ്.
വിനാഗിരിക്ക് പകരം കോളയോ സോഡയോ പകരം ഉപയോഗിക്കാവുന്നതാണ്. ഇതിലേയ്‌ക്ക് നിർബന്ധമായും പുതിനയില ചേർക്കണം. ചിലന്തിയെ അകറ്റാൻ ഏറ്റവും നല്ല മാർഗമാണ് പുതിനയില. വിനാഗിരിയും സോഡയും ഇല്ലെങ്കിലും പുതിന നീരെടുത്ത് സ്‌പ്രേ ചെയ്താലും മതിയാകും. ഇനി പുതിനയില കിട്ടിയില്ലെങ്കിൽ പകരമായി പുകയിലയും ഉപയോഗിക്കാവുന്നതാണ്. എന്നാൽ പുകയില എല്ലാ വീടുകളിലും ലഭിക്കണമെന്നില്ല. പുകയില ഉപയോഗിക്കുന്നതിലൂടെ ഇൗച്ചയേയും വണ്ടുകളേയും വരെ തുരത്താനാകും.
ഇതൊന്നും ഇല്ലെങ്കിൽ വീട്ടിൽ പൂച്ചയെ വളർത്തുന്നത് നല്ലതായിരിക്കും. പൂച്ചകൾ ചെറുപ്രാണികളെയും ചിലന്തിയെയും ഭക്ഷിക്കാറുണ്ട്.















