കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ പുനരുദ്ധാരണം നടത്തിയ തങ്കത്തിടമ്പിന്റെയും പടിഞ്ഞാറേ ഗോപുരത്തിന്റെയും സമർപ്പണം നടന്നു. തങ്കത്തിടമ്പ് ക്ഷേത്രം കൊടിമരച്ചുവട്ടിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപനിൽ നിന്നും ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠര് രാജീവര് ഏറ്റുവാങ്ങി. കൂടാതെ വഴിപാട് കൗണ്ടർ, ശ്രീ മഹാദേവ വേദാന്ത സംസ്‌കൃത പാഠശാല എന്നിവയുടെ ഉദ്ഘാടനം നടത്തി.
ഉത്സവത്തിനും ആട്ടവിശേഷങ്ങൾക്കും എഴുന്നള്ളിപ്പിനുമായി ഉപയോഗിക്കുന്ന ചെറിയ തങ്കത്തിടമ്പിന് കാലപ്പഴക്കത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ചിരുന്നു. തിടമ്പിന്റെ പവിത്രത നഷ്ടപ്പെടാതെ ദേവസ്വം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഒരുമാസം കൊണ്ടാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ചടങ്ങുകൾക്ക് ശേഷം അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശിൽപി ഹരി ചക്കുളത്തിനെ ആദരിച്ചു.
വെളിയന്നൂർ അരുണനിന്റെ നേതൃത്വത്തിൽ അണിനിരന്ന അൻപതിൽ അധികം വാദ്യ കലാകാരന്മാരുടെ പഞ്ചാരിമേളം ക്ഷേത്ര പരിസരം ഉത്സവ പ്രതീതിയിലാക്കിയിരുന്നു. അഡ്വക്കറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ്, ദേവസ്വം ചഫ് എൻജിനീയർ ആർ അജിത് കുമാർ, വൈക്കം ദേവസ്വം ഡപ്യൂട്ടി കമ്മീഷണർ മുരാരി ബാബു, അസിസ്റ്റന്റ് കമ്മീഷണർ എംജി മധു, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫസർ വിആർ ജ്യോതി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പിഎസ് ശങ്കരൻ നായർ, സെക്രട്ടറി സോമൻ ഗംഗാധരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.















