തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്താമായത്. സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ എട്ട് ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 48 മണിക്കൂർ കേരള തീരത്ത് മത്സ്യ ബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മഹാരാഷ്ട്രാ തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ഒഡീഷ- പശ്ചിമബംഗാൾ തീരത്തിന് സമീപത്തും ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായി മഴ ലഭിക്കും. ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകൾക്കാണ് യെല്ലോ അലർട്ട്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകൾക്കുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Comments