മലയാള സിനിമകളിലെ ഹാസ്യനടന്മാരിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന മുഖങ്ങളിൽ ഒന്നാണ് ഹരിശ്രീ അശോകന്റേത്. ഹാസ്യകഥാപാത്രങ്ങളിലൂടെ അദ്ദേഹം ചിരിപ്പിച്ചതിന് കണക്കുണ്ടാകില്ല. അച്ഛന്റെ പാതയിലൂടെ തന്നെ സിനിമയിലേക്ക് രംഗപ്രവേശം നടത്തിയ മകനും ഇന്ന് മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ്. തന്റെ പേരിനൊപ്പമുള്ള ഹരിശ്രീ എന്ന പേരിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്.
മിമിക്രി കലാരംഗം വാണിരുന്ന കാലത്താണ് അശോകൻ ഹരിശ്രീ എന്ന ട്രൂപ്പിന്റെ ഭാഗമാകുന്നത്. സംവിധായകൻ സിദ്ധിഖ്, ലാൽ, എൻഎഫ് വർഗീസ്, ഗോകുൽ മേനോൻ, കോട്ടയം ജോസഫ് എന്നിവരായിരുന്നു അന്ന് ട്രൂപ്പിലുണ്ടായിരുന്നത്. പിന്നീട് ഹരിശ്രീ സിനിമ നിർമ്മിച്ചു. പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്നായിരുന്നു സിനിമയുടെ പേര്. ഇതിലൂടെയാണ് സിദ്ധിഖും ലാലും ആദ്യമായി കഥാകൃത്താകുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥയെഴുതിയത് ശ്രീനിവാസൻ ആയിരുന്നു. ഈ ചിത്രത്തിലൂടെയായിരുന്നു അശോകൻ അഭിനയ രംഗത്തേക്ക് ചുവടവെയ്‌ക്കുന്നത്. ഇങ്ങനെയാണ് അശോകൻ ഹരിശ്രീ അശോകനാകുന്നത്. ആദ്യ സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം ശ്രദ്ധേയമാകുകയാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ…
ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരു ദിവസം മുൻപ് സുഹൃത്തിന്റെ സ്‌കൂട്ടറിൽ വരികെ അപകടമുണ്ടായി. എതിരെ വരുന്ന വണ്ടിയിലെ കിക്കറിൽ തട്ടി എന്റെ കാലിൽ ആഴത്തിൽ മുറിവുണ്ടായി. അത് ആശുപത്രിയിൽ പോയി സ്റ്റിച്ച് ചെയ്യാതെ വെറുതെ മുറിവ് മരുന്ന് വെച്ച് കെട്ടി. എന്നാൽ കാലിൽ കൂടി രക്തം ഒഴുകുകയായിരുന്നു. അടുത്ത ദിവസം ഷൂട്ടുള്ളതിനാലായിരുന്നു സ്റ്റിച്ച് ഇടാതിരുന്നത്. ഷൂട്ടിന് പോകാൻ പറ്റിയില്ലെങ്കിലോ എന്നോർത്തായിരുന്നു അങ്ങനെ ചെയ്തത്. എന്നാൽ ഷൂട്ടിംഗിന് ചെന്നപ്പോൾ അവർ പറഞ്ഞു സ്റ്റിച്ച് ചെയ്യാൻ. അതോടെ പോയി സ്റ്റിച്ച് ചെയ്തിട്ടാണ് ഷൂട്ടിംഗിന് വന്നത്. ആ പടം കഴിയുന്നതിന് മുൻപ് തന്നെ കാല് വേദനിക്കാൻ തുടങ്ങി. സ്റ്റിച്ച് പൊട്ടുകയും ചെയ്തു. ഇപ്പോഴും ആ മുറിവ് കാണുമ്പോൾ എന്റെ ആദ്യത്തെ പടം ആണ് ഓർമ വരുന്നത്.
കഷ്ടപ്പാടുകളും യാതനകളും സഹിച്ച് ചെറുവേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് പ്രിയങ്കരനായി മാറുകയായിരുന്നു. തീർത്തും വ്യത്യസ്തമായ അഭിനയ ശൈലിയാണ് ഇന്നും അദ്ദേഹത്തിനെ മലയാളികൾ നെഞ്ചിലേറ്റിയതിന് പിന്നിലെ കാരണം. പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിലായിരുന്നു താരം ഒടുവിൽ അഭിനയിച്ചത്.















