ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി അബിൻ രാജ് കുറ്റം സമ്മതിച്ചു. എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയത് എറണാകുളത്തെ ഏജൻസിയിൽ നിന്നാണെന്നും അബിൻ പോലീസിനോട് സമ്മതിച്ചു. എസ്എഫ്‌ഐ മുൻ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിൻ. ഇയാൾ സർട്ടിഫിക്കറ്റ് നിർമ്മിക്കാനായി നിഖിലിന്റെ പക്കൽ നിന്നും പണം കൈപ്പറ്റിയതായും സമ്മതിച്ചു.
അബിൻ പഠിച്ച കോളേജിന് മുന്നിൽ വിതരണം ചെയ്ത നോട്ടീസിൽ നിന്നാണ് ഏജൻസിയെ കുറിച്ച് വിവരം ലഭിച്ചത്. നിഖിലിന് മാത്രമെ സർട്ടിഫിക്കറ്റ് നിർമ്മിച്ച് കൊടുത്തിട്ടുള്ളു എന്നും അബിൻ പോലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി നെടുമ്പാശ്ശേരിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ അബിൻ സഹായിച്ചെന്ന് നിഖിൽ തോമസ് മൊഴി നൽകിയിരുന്നു. തുടർന്ന് മാലിദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ പോലീസ് സമ്മർദ്ധം ചെലുത്തി നാട്ടിൽ എത്തിക്കുകയായിരുന്നു.
അബിൻ സി രാജ് കൊച്ചിയിലെ ഒറിയോൺ ഏജൻസി വഴിയാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത്. വ്യാജ സർട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപയാണ് ചിലവാക്കിയതെന്നും നിഖിൽ തോമസ് മൊഴി നൽകിയിരുന്നു. തുടർന്നാണ് അബിനെ കേസിലെ രണ്ടാം പ്രതിയാക്കിയത്. നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു. നിഖിലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് കണ്ടെടുത്തത്.















