ബെംഗളൂരു: വാഹനാപകത്തിൽ പരുക്കേറ്റ കന്ന നടൻ ധ്രുവന്റെ വലതുകാൽ മുറിച്ചുമാറ്റി. ദാരുണമായ സംഭവം ധ്രുവന്റെ ആദ്യ ചിത്രം റിലീസാകാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ്. ശനിയാഴ്ചയായിരുന്നു ധ്രുവന്റെ ഇരുചക്രവാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വലതുകാലിനു ഗുരുതരമായി പരുക്കറ്റതിനാൽ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വന്നു.
ചലച്ചിത്ര നിർമ്മാതാവ് എസ്.എ.ശ്രീനിവാസിന്റെ മകനാണ് സൂരജ്കുമാറെന്ന ധ്രുവൻ. ഇദ്ദേഹം ഐരാവത, തരക് തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളി നടി പ്രിയ വാരിയർ നായികയായ രഥം എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചുകൊണ്ടിരിക്കെയാണ് അപകടം.
സിനിമാ മേഖലയിൽ ധ്രുവൻ എന്ന പേരിൽ അറിയപ്പെടുന്ന സൂരജ് കുമാർ ശനിയാഴ്ച ഊട്ടിയിൽനിന്നു മൈസൂരുവിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ടിപ്പറിൽ ഇടിക്കുകയായിരുന്നു. സൂരജിന്റെ കാലിൽ കൂടി ടിപ്പറിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ഉടൻ മൈസൂരിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















