സംഗീതത്തിന് എക്കാലവും വിസ്മയം തീർക്കാൻ കഴിയുന്നത്ര മാന്ത്രികതയുണ്ട്. ഒരു സംഗീതാസ്വാദകനെ സംബന്ധിച്ച് ബിജിഎമ്മിൽ നിന്നുപോലും സിനിമയും ഗാനവുമേതെന്ന് തിരിച്ചറിയാൻ സാധിയ്‌ക്കും. മലയാളികൾക്ക് മറക്കാൻ സാധിക്കാത്ത ചില ബിജിഎമ്മുകൾ കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഒരു ബിജിഎം ഫിയസ്റ്റയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇതിൽ ജോൺസൺ മാഷിന്റെ ഏറ്റവും ശ്രദ്ധേയമായ പന്ത്രണ്ട് ബിജിഎമ്മുകളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 11 സിനിമയിൽ നിന്നും 12 ഈണങ്ങൾ എന്ന രീതിയിലാണ് ഇത് തയാറാക്കിയത്.
നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ, ഞാൻ ഗന്ധർവ്വൻ, മണിച്ചിത്രത്താഴ്, കൂടെവിടെ, ദശരഥം, ചെങ്കോൽ, കിരീടം, വന്ദനം, ചിത്രം, സല്ലാപം, മഴവിൽ കാവടി എന്നിങ്ങനെ ഓർഡറിലാണ് ഹിറ്റ് ബിജിഎമ്മുകൾ ഒരു കൂട്ടം കലാകാരന്മാർ ചേർന്ന് പുനരാവിഷ്‌കരിച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ മലയാള സിനിമയിലെ ഒരു സുവർണ്ണ കാലഘട്ടത്തിലെ ഓർമ്മകളെ തട്ടിയുണർത്തുന്ന ജോൺസൺ മാഷിന്റെ മാസ്മരിക ഈണങ്ങളെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും. ലോകത്ത് ആദ്യമായി വീണയുടെ ശബ്ദം കൊണ്ട് ഭയപ്പെടുത്തിയ സംഗീതജ്ഞൻ ജോൺസൺ മാഷാണ് എന്നായിരുന്നു ഒരു സംഗീത പ്രേമിയുടെ കമന്റ്.
ഇത് കേട്ട് കണ്ണീർ പൊഴിക്കാതിരിക്കാൻ ഒരു സംഗീതാസ്വാദകന് ഒരിക്കലും സാധിക്കില്ല, ബിജിഎം കേട്ടിട്ട്മാത്രം കണ്ണ് നനയുന്നുണ്ടെങ്കിൽ അതാണ് ജോൺസൺ മാഷുടെ സംഗീതം, പല സിനിമകളും ഇന്നും നമ്മുടെ മനസ്സിൽ നിന്നും മറയാത്തതും മായാത്തതും ഈ സംഗീതത്തിന്റെ മാസ്മരികത കൊണ്ടാണ്. ദേവസംഗീതം അത് താങ്കളായിരുന്നു ജോൺസൺമാസ്റ്റർ. ഇതുപോലെയുള്ള ബിജിഎം കേട്ടാൽ നാഗവല്ലി എങ്ങനെ വരാതിരിക്കും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.















