മലപ്പുറം: മുസ്ലീം സംഘടനകൾ ഒന്നിക്കേണ്ട കാലഘട്ടമാണിതെന്ന് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. എല്ലാവരും സൗഹൃദത്തോടെയും കൂട്ടായ്മയോടെയും മുന്നോട്ടുപോകേണ്ട ഒരു സന്ദർഭമാണിതെന്നും സാദിഖലി പറഞ്ഞു. സുന്നികൾ ഐക്യപ്പെടണമെന്നും മുസ്ലീംലീഗുമായി സഹകരിച്ചുപോകാനാണ് താത്പര്യമെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ പരാമർശിച്ചതിന് പിന്നാലെയാണ് സാദിഖലിയുടെ പ്രതികരണം.
ഏകീകൃത സിവിൽ കോഡ് എന്ന നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ മുസ്ലീം സംഘടനകൾ ഒന്നിക്കേണ്ട കാലഘട്ടമാണിതെന്നും സാദിഖലി പറഞ്ഞു. ആ ഒരു സാഹചര്യത്തിലാണ് കാന്തപുരവും ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചത്. എല്ലാം മുസ്ലീം സംഘടനകളെയും ഒരുമിച്ച് നിർത്താനുള്ള പ്ലാറ്റ്ഫോമാണ് മുസ്ലീം ലീഗ്. എല്ലാവരും സൗഹൃദത്തോടെയും കൂട്ടായ്മയോടെയും മുന്നോട്ടുപോകേണ്ട ഒരു സന്ദർഭമാണിതെന്നും സാദിഖലി പറഞ്ഞു. മലപ്പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ.
ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്ന് മുസ്ലീംലീഗ് ദേശീയ സെക്രട്ടറി കെ.പി കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏക സിവിൽ കോഡ് ഇന്ത്യക്ക് യോജിച്ചതല്ല. ഇത് ഭരണഘടന വിഭാവനം ചെയ്തിട്ടില്ല. വ്യത്യസ്ത ജാതി മത വിഭാഗങ്ങൾക്ക് ഒറ്റ നിയമം എങ്ങനെയാണ് സാധ്യമാകുക എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
Comments