ലുസെയ്ൻ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. ജാവലിൻത്രോയിൽ 87.66 മീറ്റർ എറിഞ്ഞിട്ടാണ് നീരജ് ചോപ്ര ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 87.03 മീറ്റർ ദൂരം എറിഞ്ഞ ജർമനിയുടെ ജൂലിയൻ വെബർ രണ്ടാം സ്ഥാനവും 86.13 മീറ്റർ ദൂരത്തേക്ക് എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ഡയമണ്ട് ലീഗിൽ നിലവിലെ ചാംപ്യനായ നീരജ് ഈ സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഒന്നാം സ്ഥാനം നേടുന്നത്. പരിക്കിനെ തുടർന്ന് ഒരു മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് നീരജ് തിരികെയെത്തിയത്. ഫൗളിലൂടെയാണ് നീരജ് മത്സരം തുടങ്ങിയത്. രണ്ടാം ശ്രമത്തിൽ 83.5 മീറ്റർ പിന്നിട്ടു. മൂന്നാം ഊഴത്തിൽ 85.04 മീറ്റർ എറിഞ്ഞ് രണ്ടാംസ്ഥാനത്തെത്തി. അഞ്ചാം ഊഴത്തിലെ 87.66 മീറ്റർ പ്രകടനത്തോടെയാണ് നീരജ് ഒന്നാംസ്ഥാനം സ്വന്തമാക്കിയത്.
പുരുഷ ലോംഗ്ജംപിൽ മലയാളി താരം എം. ശ്രീശങ്കർ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. മൂന്നാം ശ്രമത്തിൽ ചാടിയ 7.88 മീറ്ററായിരുന്നു മത്സരത്തിൽ ശ്രീശങ്കറിന്റെ മികച്ച പ്രകടനം. ബഹ്‌റൈനിന്റെ നയീൻ ലാക്വാനാണ് ഒന്നാം സ്ഥാനം. 8.11 മീറ്റർ ചാടിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 8.07 മീറ്റർ ചാടി ഗ്രീസിന്റെ മിൽത്തിയാദിസ് തെന്റഗ്രൂ ആണ് രണ്ടാം സ്ഥാനം നേടിയത്.















