ഹിന്ദു കലണ്ടറിലെ അഞ്ചാമത്തെ മാസമാണ് ശ്രാവണ മാസം. വർഷത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ മാസങ്ങളിലൊന്നായാണ് ഇതിനെ കാണുന്നത്. ഈ മാസത്തിലെ മിക്ക ദിവസങ്ങളും ശുഭാരംഭത്തിന് അനുയോജ്യമായ ദിനങ്ങളാണ്. ശിവഭഗവാനെ ആരാധിക്കുന്ന മാസമാണ് ശ്രാവണ മാസം. ശ്രാവണമാസത്തിലെ എല്ലാ തിങ്കളാഴ്ചകളിലും ക്ഷേത്രങ്ങളിൽ രാത്രി വൈകി വരെ ശിവലിംഗത്തിൽ പാലഭിഷേകം നടത്തുന്നു. ഭക്തർ വ്രതം നോറ്റ് ഭഗവാന് പൂക്കളും പാലും അർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഈ പുണ്യമാസത്തിൽ ഭക്തർ മത്സ്യ മാംസാദികൾ ഒഴിവാക്കുകയാണ് പതിവ്.
പുണ്യമാസത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ റെയിൽവേയും. ഇതിന്റെ ഭാഗമായി ബിഹാരിലെ ബഗൽപൂരിലെ ഐആർസിടിസി യാത്രക്കാർക്കായി സസ്യാഹാരം മാത്രമാകും വിളമ്പുകയെന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈ നാല് മുതൽ ഓഗസ്റ്റ് 31 വരെയാണ് ഇത് നടപ്പിലാക്കുക. ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കിയുള്ള ഭക്ഷണമാകും യാത്രക്കാർക്ക് നൽകുക. പഴങ്ങളും മറ്റ് ശീതള പാനീയങ്ങളും വിളമ്പും.
ശിവന്റെ അനുഗ്രഹം തേടാനുള്ള നല്ല സമയമായാണ് ശ്രവണ മാസത്തെ കാണുന്നത്. ‘കൻവാർ യാത്ര’ ഈ മാസത്തിലെ പ്രത്യേക ചടങ്ങാണ്. ഭക്തർ പുണ്യനദിയായ ഗംഗയിൽ നിന്ന് ജലം ശേഖരിച്ച് ചെറിയ മൺപാത്രങ്ങളിൽ നിറയ്‌ക്കുന്നു. തുടർന്ന് ഭക്തർ കാവി വസ്ത്രങ്ങളണിഞ്ഞ്, കാൽ നടയായി ഈ ജലം ശിവക്ഷേത്രങ്ങളിലെത്തിക്കുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഗൗമുഖ്, ഗംഗോത്രി, ബിഹാറിലെ സുൽത്താൻഗഞ്ച് തുടങ്ങിയ ഇടങ്ങൾ സന്ദർശിച്ചാണ് ഗംഗാ നദിയിൽ നിന്ന് ജലം ശേഖരിക്കുക. ഈ വർഷം രണ്ട് മാസം നീളുന്നതാണ് ശ്രാവണ മാസം.















