‘പരിചയം സിപിഎം പ്രവർത്തനം’; വിദ്യാർത്ഥി പ്രതിനിധികളില്ലാതെ കേരള സർവകലാശാല സെനറ്റ് പുനഃസംഘടിപ്പിക്കാൻ നീക്കം

Published by
Janam Web Desk

വിദ്യാർത്ഥി പ്രതിനിധികളുടെ സീറ്റുകൾ ഒഴിച്ചിട്ട് കേരള സർവകലാശാല സെനറ്റ് പുനഃസംഘടിപ്പിക്കാൻ നീക്കം. പത്ത് വിദ്യാർത്ഥി പ്രതിനിധികളെയാണ് സർവകലാശാല സെനറ്റിൽ ഉൾപ്പെടുത്തേണ്ടത്. എസ് എഫ് ഐ നടത്തിയ ആൾമാറാട്ടത്തെ തുടർന്ന് അയോഗ്യരെ ഒഴിവാക്കിയുളള യുയുസി അംഗങ്ങളുടെ വോട്ടർപ്പട്ടിക പുനഃക്രമീകരിച്ചതിലൂടെ തിരഞ്ഞെടുപ്പ് വൈകിപ്പിക്കാനുളള ശ്രമമാണ് നടക്കുന്നത്.

സർവകലാശാലകളുടെ ചാൻസലർ പദവി വഹിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെനറ്റിലേക്കുളള 17 അംഗങ്ങളെയും നാമനിർദേശം ചെയ്തിട്ടില്ല. സർവകലാശാലയ്‌ക്ക് കീഴിലുളള എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ മാനേജർമാരുടെ തിരഞ്ഞെടുപ്പും അനശ്ചിതത്വത്തിലാണ്. സി പിഎമ്മിന്റെ ഔദ്യോഗിക ഭാരവാഹികൾ ഉൾപ്പെടെയുളള ആറ് പേരെ സർക്കാർ ഇതിനകം സൈനറ്റിലേക്ക് നാമനിർദേശം ചെയ്യുകയും ചെയ്തു. ഇവരാകട്ടെ വിദ്യാഭ്യാസമേഖലയുമായി ബന്ധമില്ലാത്തവരാണെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ഗവർണർക്ക് നിവേദനം നൽകി. ജെ. എസ്. ഷിജുഖാൻ, ജി. മുരളീധരൻപിളള, മുൻ എം.എൽ.എ രാജേഷ് എന്നിവരുടെ നിയമനത്തിലൂടെ സർവകലാശാല ഭരണം രാഷ്‌ട്രീയവത്കരിക്കുന്നതിന് ചട്ടവിരുദ്ധമായി സർക്കാർ നടത്തിയ നാമനിർദ്ദേശം റദ്ദാക്കണമെന്നാണ് ആവശ്യം.

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ യുയുസി സ്ഥാനത്തേയ്‌ക്ക് എസ്എഫ്‌ഐ പാനലിൽ നിന്ന് വിജയിച്ച അനഘ എന്ന വിദ്യാർത്ഥിനിയ്‌ക്ക് പകരമായി എസ്എഫ്‌ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയായിരുന്ന വിശാഖിന്റെ പേര് ഉൾപ്പെടുത്തുകയായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച അനഘ രാജി സന്നദ്ധത അറിയിച്ചതിനാലാണ് വിശാഖിന്റെ പേര് ഉൾപ്പെടുത്തിയ ലിസ്റ്റ് സർവകലാശാലയ്‌ക്ക് കൈമാറിയതെന്നായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായപരിധി കഴിഞ്ഞതിനാൽ പത്രിക സമർപ്പിക്കാനാകാത്ത വിശാഖിനെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഗുരുതര വീഴ്ചയാണെന്ന് സർവകലാശാല കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അയോഗ്യരെ ഒഴിവാക്കിയുളള യുയുസി അംഗങ്ങളുടെ വോട്ടർപ്പട്ടിക സർവകലാശാല പുനഃക്രമീകരിച്ചത്.

Share
Leave a Comment