നമ്മുടെ ഭക്ഷണശീലത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് പാലും പാൽ ഉത്പന്നങ്ങളും. സമീകൃതഹാരമായ പാലിനൊപ്പം വാഴപ്പഴവും കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണമാണെന്ന് കേട്ട് ശീലിച്ചവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ പലപ്പോഴും പാലിനൊപ്പം കഴിക്കുന്ന ചില ഭക്ഷണങ്ങൾ ആരോഗ്യത്തിന് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
അതിരാവിലെയോ വൈകുന്നേരമോ ഒരു ഗ്ലാസ് പാലും ഏത്തപ്പഴവും കഴിക്കുന്നവരാണ് മിക്കവരും. അതല്ലെങ്കിൽ ഇവ രണ്ടും ചേർത്ത് ഷെയ്‌ക്കോ സ്്മൂത്തിയോ പരീക്ഷിക്കാറുമുണ്ട്. പാലിലും പഴത്തിലും ഫൈബർ, പ്രോട്ടീൻ, വിറ്റാമിനുകൾ തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ ആരോഗ്യത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നോക്കാം.
പാലും പഴവും രണ്ട് വ്യത്യസ്തമായ പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കളാണ്. ഇവ രണ്ടും ഒരേ സമയം ശരീരത്തിൽ പ്രവേശിക്കുമ്പോൾ ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകും. ചിലർക്ക് വയറിന് അസ്വസ്ഥതകളും ഉണ്ടാകാൻ ഇത് കാരണമാകുന്നു. അന്നനളത്തിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നതിനും ഇവ രണ്ടും കാരണമാകും. ചുമ, ജലദോഷം, മറ്റ് അലർജികൾ എന്നിവയ്‌ക്കും ഇത് വഴിവെയ്‌ക്കും. ഛർദ്ദിയും വയറിളക്കവും ചിലരിൽ പ്രകടമാകാറുണ്ട്.
ആയുർവേദ പ്രകാരം പാലും പഴവും വിരുദ്ധാഹാരമാണ്. ഇവ രണ്ടും കൂടിച്ചേർന്നാൽ ഇത് ശരീരത്തിലെ വിഷാംശത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ വേഗത കുറയ്‌ക്കുമെന്നും പറയപ്പെടുന്നു. പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ ഇടയുള്ളതിനാൽ തന്നെ ഇവ രണ്ടും ഒന്നിച്ച് കഴിക്കുന്നത് ഒഴിവാക്കാനാണ് ആയുർവേദം നിർദ്ദേശിക്കുന്നത്.















