വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ച ചിത്രമായിരുന്നു രണ്ടാമൂഴം. ചിത്രത്തിൽ മോഹൻലാൽ ഭീമസേനനായി എത്തുമെന്നതായിരുന്നു ഏറെ ശ്രദ്ധേയമാക്കിയത്. ചിത്രം സംവിധാനം ചെയ്യാനിരുന്നത് ഒടിയൻ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഎ ശ്രീകുമാർ ആയിരുന്നു. ചിത്രം പലകാരണങ്ങളാൽ നടക്കാതെ പോവുകയായിരുന്നു. തുടർന്ന് രണ്ടാമൂഴം രചിച്ച എംടി വാസുദേവൻ നായരും ശ്രീകുമാറും തമ്മിൽ ഒരുപാട് പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.
ഇപ്പോഴിതാ മോഹൻലാലിലെ ഭീമസേനനെ ആർട്ടിസ്റ്റ് നമ്പൂതിരി കാൻവാസിലാക്കിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ശ്രീകുമാർ. അന്തരിച്ച പ്രഗത്ഭ ചിത്രകാരന് ആദരാഞ്ജലികൾ നേർന്നുകൊണ്ടുളള പോസ്റ്റിലാണ് ശ്രീകുമാർ ചിത്രം പങ്കുവെച്ചിരിക്കുന്നത്. തന്റെ ഓഫീസ് മുറിയിൽ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ഈ ചിത്രവും പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം ഒരു കുറിപ്പും ശ്രീകുമാർ ചേർത്തിട്ടുണ്ട്.
വി എ ശ്രീകുമാറിന്റെ കുറിപ്പ് ഇങ്ങനെ
നമ്പൂതിരിയുടെ ഭീമൻ ഇവിടെയുണ്ട്! അക്കാലം, രണ്ടാമൂഴവും ലാലേട്ടൻ ഭീമനാകുന്നതിനെ കുറിച്ചുള്ള ആകാംക്ഷകളുടേതുമായിരുന്നു. ഞങ്ങളെല്ലാവരും രണ്ടാമൂഴത്തെ കുറിച്ചുള്ള ചർച്ചകളിലായിരുന്നു. ലാലേട്ടൻ വേദിയിൽ ഇരിക്കെ, ആർട്ടിസ്റ്റ് നമ്പൂതിരി തത്സമയം ലാലേട്ടനിലെ ഭീമനെ വരച്ചു. ലാലേട്ടൻ ഭീമനായാൽ എങ്ങനെയെന്ന നമ്പൂതിരി സാറിന്റെ ഭാവന! പിന്നീട് രണ്ടാമൂഴത്തിനു വേണ്ടി ലാലേട്ടന്റെ ഭീമനെ പലരും പലതവണ വരച്ചിട്ടുണ്ട്. പക്ഷെ അതിലാദ്യത്തേത് നമ്പൂതിരി സാർ വരച്ചതാണ്. തത്സമയം വരയ്‌ക്കുന്നതിന് എനിക്കും സാക്ഷിയാകാനായി.
ജീവിതത്തിലെ ഒരു അപൂർവ്വ നിമിഷം. അന്നാണ് നമ്പൂതിരി സാറിനെ ആദ്യമായി കാണുന്നതും ഏറെ നേരം സംസാരിച്ചതും. രണ്ടാമൂഴം നോവലിന്റെ ചിത്രകാരനാണ്. രണ്ടാമൂഴം ആദ്യം ദൃശ്യത്തിലാക്കിയത് അദ്ദേഹമാണ്. രണ്ടാമൂഴത്തെ ദൃശ്യവൽക്കരിക്കാൻ ആഗ്രഹിക്കുന്ന ഞങ്ങളെ സംബന്ധിച്ച് അദ്ദേഹവുമായുള്ള സംസാരം ഹൃദ്യമായിരുന്നു. സുപ്രധാനമായിരുന്നു. നമ്പൂതിരി സാർ വിട പറഞ്ഞു എന്നറിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ദൈവവിരലുകളുടെ സ്പർശനമേറ്റ, അദ്ദേഹത്തിന്റെ ആത്മാവ് സ്പന്ദിക്കുന്ന ആ ഭീമൻ ഇതാ മുന്നിലുണ്ട്. നമ്പൂതിരി സാർ വരച്ച ആ ഭീമനെ എനിക്കു സമ്മാനിച്ചത് ലാലേട്ടനാണ്. അന്നു മുതൽ ആ ഭീമൻ എന്റെ ഓഫീസിലുണ്ട്. ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ ഒന്നാണ് എനിക്കാ ഭീമൻ. അദ്ദേഹത്തെ ഏറ്റവും ആദരവോടെ നമിക്കുന്നു. ആദരാഞ്ജലികൾ…















