കനത്ത മഴ; അമർനാഥ് യാത്ര വീണ്ടും നിർത്തി വച്ചു

Published by
Janam Web Desk

ശ്രീനഗർ: കനത്ത മഴയിൽ ഹൈവേ തകർന്നതിനെ തുടർന്ന് കശ്മീരിലെ അമർനാഥ് ഗുഹാക്ഷേത്രത്തിലേയ്‌ക്കുള്ള തീർത്ഥാടനം തുടർച്ചയായ മൂന്നാം ദിവസവും നിർത്തി വച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ ജമ്മു- ശ്രീനഗർ ദേശീയ പാത തകർന്നിരുന്നു. ദേശീയ പാതയിലെ തകർന്ന ഭാഗങ്ങൾ പുനരുദ്ധാരണം ചെയ്യാനുള്ള നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാൽ തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നത് താത്കാലികമായി നിർത്തി വച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

കാലാവസ്ഥയിൽ കാര്യമായ പുരോഗതി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ അമർനാഥ് യാത്ര പുനരാരംഭിച്ചിരുന്നു. മെച്ചപ്പെട്ട കാലാവസ്ഥയെ തുടർന്ന് പഹൽഗാം റൂട്ടിലാണ് യാത്ര പുനരാരംഭിച്ചത്. അതിനിടയിൽ മഴ വീണ്ടും രൂക്ഷമായതോടെ പാത അടച്ചിടുകയായിരുന്നു. ഇതുവരെ 90,000 ഭക്തർ അമർനാഥ് തീർത്ഥാടനം നടത്തിയതായി അധികൃതർ അറിയിച്ചു. ശ്രീനഗറിൽ നിന്ന് 136 കിലേമീറ്റർ വടക്കുകിഴക്ക് ഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ ഈ തീർത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഹിമലിംഗം എന്നാണ് സ്വയംഭൂവായ മൂർത്തി അറിയപ്പെടുന്നത്.

Share
Leave a Comment