മഴക്കാലത്ത് വസ്ത്രങ്ങൾ ഉണങ്ങിക്കിട്ടാൻ പ്രയാസമാണ്. ഇനി അലക്കി ഉണക്കിയെടുത്താലും ചെറിയൊരു ദുർഗന്ധം നിൽക്കാറുണ്ട്. ഇത്തരത്തിലുള്ള മണം വരുന്നതിന് നിരവധി കാരണങ്ങളുണ്ട്. വായു സഞ്ചാരം നന്നായിട്ട് ഇല്ലാതിരിക്കുക, ഫാനിന്റെ ചുവട്ടിലിട്ട് ഉണക്കുക ഇത്തരത്തിലുള്ള നിരവധി കാരണങ്ങളാലാണ് ദുർഗന്ധം ഉണ്ടാകുന്നത്. ഇവ വരാതിരിക്കാന്‍ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
മുഷിഞ്ഞ വസ്ത്രങ്ങൾ അപ്പോള്‍ തന്നെ അലക്കി ഇടുന്നതാണ് നല്ലത്. ഇല്ലെങ്കിൽ നനവിരുന്ന് ദുർഗന്ധം വരാനുള്ള സാദ്ധ്യത ഏറെയാണ്. നല്ലപോലെ വായുസഞ്ചാരമുള്ള ഒരു ഭാഗത്ത് ഇത് വിരിച്ചിട്ട് ഇതിലെ വിയര്‍പ്പും വെള്ളത്തിന്റെ അംശവും നീക്കം ചെയ്തതിന് ശേഷം മാത്രം അലക്കാനോ അല്ലെങ്കില്‍ അലമാരയില്‍ മടക്കി വെക്കാനോ തുനിയുന്നതാണ് നല്ലത്.
അലക്കിയിട്ട വസ്ത്രങ്ങളില്‍ നിന്നും നന്നായി വെള്ളം പിഴിഞ്ഞ് കളഞ്ഞ് കുടഞ്ഞതിന് ശേഷം നന്നായി വായുസഞ്ചാരമുള്ള ഒരു ഭാഗത്ത് വിരിച്ചിടേണ്ടതാണ്. ഇത് വസ്ത്രങ്ങള്‍ ഉണങ്ങി കിട്ടാനും ചെറിയ രീതിയിൽ ദുർഗന്ധം വരാതിരിക്കാനും സഹായിക്കും. അതുപോലെ തന്നെ പലരും ഒരു വസ്ത്രത്തിന്റെ മുകളില്‍ തന്നെ മറ്റൊന്ന് ഇട്ട് ഉണക്കും. ഇത് വസ്ത്രം വേഗത്തില്‍ നശിക്കുന്നതിനും ദുർഗന്ധം വമിക്കുന്നതിനും കാരണമാകും.
നല്ലൊരു ഫാബ്രിക് കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത് സത്യത്തില്‍ വസ്ത്രങ്ങളിലെ ദുര്‍ഗന്ധം നീക്കം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. ഇതിനായി നിങ്ങള്‍ക്ക് ഇഷ്ടമുള്ള സുഗന്ധത്തില്‍ ലഭിക്കുന്ന ഫാബ്രിക് കണ്ടീഷ്ണറുകള്‍ തിരഞ്ഞെടുക്കാം. അതുമല്ലെങ്കില്‍ ഡിറ്റര്‍ജന്റില്‍ കുറച്ച് വിനാഗിരി ചേര്‍ത്ത് മിക്‌സ് ചെയ്ത് ഇതില്‍ വസ്ത്രങ്ങള്‍ 30 മിനിറ്റ് മുക്കി വെക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് വസ്ത്രങ്ങളില്‍ നിന്നും ബാക്ടീരിയ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്.
മഴക്കാലത്ത് ഇടയ്‌ക്കെങ്കിലും കുറച്ച് നേരം ചിലപ്പോള്‍ സൂര്യപ്രകാശം കിട്ടിയെന്ന് വരാം. ഇത്തരത്തില്‍ ചൂട് കിട്ടുന്ന അവസരത്തില്‍ പരമാവധി വസ്ത്രങ്ങള്‍ ഉണക്കിയെടുത്താല്‍ വസ്ത്രങ്ങള്‍ നല്ലതുപോലെ മണമില്ലാതെ സൂക്ഷിച്ച് എടുത്ത് വെയ്‌ക്കാൻ കഴിയും.















