ഭഗവാൻ പരമശിവന്റെ വാസസ്ഥലവും മിക്ക പുണ്യനദികളുടെ ഉത്ഭവസ്ഥാനവുമാണ് കൈലാസ പർവ്വതം. സ്വർഗത്തിലേക്കുള്ള ഗോവണിപ്പടിയെന്നാണ് കൈലാസ പർവ്വതത്തെ വിശേഷിപ്പിക്കുന്നത്. ഹിമാലയത്തിന്റെ മടിത്തട്ടിൽ, ടിബറ്റിന്റെ തെക്കുപടിഞ്ഞാറാൻ ഭാഗത്തായി ഇന്ത്യയുടെ കുമയോൺ അതിർത്തിയിലാണ് ഈ സ്വർഗീയ ഭൂമി.
നൂറ്റാണ്ടുകളായി നിരവധി സന്യാസിമാരും ഋഷിമാരും ഗവേഷകരും തീർത്ഥാടകരുമാണ് കൈലാസ പർവ്വതത്തിലേക്ക് യാത്ര ചെയ്തിട്ടുള്ളത്. ഉത്തരാഖണ്ഡിലെ പിത്തോരഗഢിന് സമീപമുള്ള ഇന്ത്യൻ അതിർത്തി, ടിബറ്റിലെ ഷിഗാറ്റ്സെ, ചൈനയിലെ കാഷ്ഗർ, നേപ്പാളിലെ സിമിക്കോട്ട്/ഹിൽസ എന്നീ നാല് കരമാർഗ്ഗങ്ങളിലൂടെ മാത്രമേ കൈലാസ്- മാനസരോവറിൽ എത്തിച്ചേരാൻ സാധിച്ചിരുന്നുള്ളൂ.
എന്നാൽ ഇന്ത്യൻ അതിർത്തി വഴി സ്വർഗത്തിലേക്കുള്ള ഗോവണിപ്പടിയിലേക്ക് എത്താനുള്ള സുവർണാവസരമൊരുക്കുകയാണ് കേന്ദ്ര സർക്കാർ. ഇതിനായി റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്. സെപ്റ്റംബറോടെ തീർത്ഥാടകർക്ക് പാത ഉപയോഗിക്കാമെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. റോഡ് പൂർത്തിയാകുന്നതോടെ, ‘കൈലാസ വ്യൂ പോയിന്റ്’ തയ്യാറാകും.
പിത്തോറഗഡ് ജില്ലയിലെ നാഭിദാംഗിലെ കെഎംവിഎൻ ഹട്ട്സ് മുതൽ ചൈനീസ് അതിർത്തിയിലെ ലിപുലേഖ് ചുരം വരെയുള്ള റോഡ് വെട്ടിക്കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും സെപ്റ്റംബറിൽ പൂർത്തിയാകുമെന്നും ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലാണ് പാത വികസനമെന്നും ഹൈരാക് പ്രൊജക്ടിനാണ് ഇതിന്റെ ചുമതലയെന്നും ബിആർഒ ചീഫ് എഞ്ചിനീയർ വിമൽ ഗോസ്വാമി അറിയിച്ചു. കൈലാസ പർവതത്തിലേക്ക് പ്രവേശിക്കുന്നതിന് ഭക്തർക്ക് ഒരു ബദൽ പാത രൂപപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ഏറെ നാളായി പരിശ്രമിച്ചിരുന്നു. ഇതാണ് ഇപ്പോൾ പലം കാണുന്നത്. കൊറോണ മഹാമാരിയെ തുടർന്ന് ലിപുലേഖ് ചുരത്തിലൂടെയുള്ള കൈലാഷ്-മാനസരോവർ യാത്ര നിർത്തിവെച്ചിരുന്നു. ഇതു ഇതുവരെയും പുനഃരാംഭിച്ചിട്ടില്ല.
നിരവധി നിഗൂഢതകളും കൗതുകങ്ങളും നിറഞ്ഞതാണ് കൈലാസ പർവ്വതം. നിരവധി മതസ്ഥർക്ക് പലതാണ് കൈലാസ പർവ്വതം. ഹൈന്ദവർക്ക് ഇവിടം ശിവന്റെ വാസസ്ഥലമാണെങ്കിൽ ബുദ്ധമതത്തിൽ ഇവിടം പ്രപഞ്ച ശാസ്ത്രത്തിന്റെ ഉറവിടമാണ്. ജൈനമതക്കാരെ സംബന്ധിച്ച് മതസ്ഥാപകനായ ഋഷഭിന് ആത്മീയ ഉണർവ് ലഭിച്ച പുണ്യ ഭൂമിയാണ്. ശാസ്ത്രലോകത്തിന്റെ കണ്ടെത്തലുകൾ പ്രകാരം, ഭൂമിയുടെ അച്ചുത്തണ്ടാണ് കൈലാസമെന്നാണ് പ്രസ്താവിച്ചിട്ടുള്ളത്. പർവ്വതത്തിൽ നിന്ന് 6666 കിലോമീറ്റർ അകലെയാണ് ഉത്തരധ്രുവം. ഇവിടെ നിന്ന് 13332 കിലോമീറ്റർ അകലെയാണ് ദക്ഷിണധ്രുവം. ഉത്തരധ്രുവമായി താരതമ്യപ്പെടുത്തുമ്പോൾ ഇരട്ടി ദൂരമാണ് ദക്ഷിണധ്രുവത്തിലേക്ക് എന്നതും ശ്രദ്ധേയമാണ്.
Comments