2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച സിനിമയായി നൻ പകൽ നേരത്ത് മയക്കമാണ് തിരഞ്ഞെടുത്തത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സിനിമയുടെ നിർമ്മാണം നിർവഹിച്ചത് മമ്മൂട്ടി കമ്പനിയാണ്. 154 സിനിമകൾ ജൂറിയുടെ പരിഗണനയിൽ വന്നെങ്കിലും അന്തിമ പട്ടികയിലെത്തിയത് 44 ചിത്രങ്ങളാണ്. ഇതിൽ നിന്നാണ് നൻ പകൽ നേരത്ത് മയക്കം മികച്ചതായി ജൂറി തിരഞ്ഞെടുത്തത്. സംവിധായകനും നിർമ്മാതാക്കൾക്കുമായി നാല് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് ലഭിക്കുന്നത്.
പുതിയ നാടക സീസൺ ആരംഭിക്കുന്നതിനു മുൻപ് വേളാങ്കണ്ണി യാത്ര നടത്തി മടങ്ങിയ കേരളത്തിൽ നിന്നുള്ള ഒരു പ്രൊഫഷണൽ നാടക സംഘത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. യാത്രയിൽ ഏറ്റവുമധികം ഉത്തരവാദിത്തമുള്ള ജെയിംസ് സംഘർഷങ്ങളിലൂടെ കടന്നുപോകുന്നു. വഴിമദ്ധ്യേ വാഹനം നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെടുന്ന ജെയിംസ് ഒരു സമീപഗ്രാമത്തിലേക്ക് എത്തുകയും അവിടെ പരിചയമുള്ള ഒരാളെപ്പോലെ പെരുമാറുകയും ചെയ്യുന്നു. ആ തമിഴ് ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് കയറിച്ചെന്ന ജെയിംസ് അവിടെനിന്ന് കാണാതായ സുന്ദരത്തെപ്പോലെ പെരുമാറാൻ ആരംഭിക്കുന്നു. ഈ അസാധാരണ സാഹചര്യം ജെയിംസിന് ഒപ്പമുള്ള കുടുംബാംഗങ്ങളിലും നാടക സമിതി അംഗങ്ങളിലും ചെന്നുകയറുന്ന ഗ്രാമത്തിലും വീട്ടിലുമൊക്കെ സൃഷ്ടിക്കുന്ന പ്രതികരണങ്ങളിൽ നിന്നാണ് നൻപകൽ നേരത്ത് മയക്കം എന്ന സിനിമയെ ലിജോ ജോസ് പെല്ലിശേരി നെയ്‌തെടുത്തിരിക്കുന്നത്.
Comments