വാഷിംഗ്ടൺ: ചവറ്റുകുട്ടയിലെ മാലിന്യ കൂമ്പാരത്തിലിട്ട ഫ്രഞ്ച് ഫ്രൈസ് എടുത്തി വിളമ്പി നൽകിയ ജീവനക്കാരി പിടിയിൽ. അമേരിക്കയിലെ സൗത്ത് കരോലിനയിലെ മൾട്ടിനാഷണൽ ബർഗർ റെസ്‌റ്റോറന്റായ ബർഗർ കിംഗ് ജീവനക്കാരിയാണ് അറസ്റ്റിലായത്. ഡങ്കൻ ബൈപാസിൽ സ്ഥിതി ചെയ്യുന്ന ഫുഡ് ഔട്ട്ലെറ്റിൽ നിന്ന് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീവനക്കാരി പിടിയിലാകുന്നത്.
സംഭവമറിഞ്ഞ് പോലീസെത്തുമ്പോൾ രണ്ട് സ്ത്രീകൾ ജീവനക്കാരുമായി തർക്കിക്കുകയായിരുന്നു. പിന്നാലെ ഇവർ അസഭ്യം പറഞ്ഞു. പരാതിക്കാരോടും ജീവനക്കാരോടും ശാന്തരാകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. തുടർന്ന് ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഔട്ട്‌ലെറ്റിലെ അസിസ്റ്റന്റ് മാനേജർ ജെയിം ക്രിസ്റ്റീൻ മേജർ എന്ന യുവതിയാണ് പിടിയിലായത്.
മാലിന്യകൂമ്പാരത്തിൽ നിന്നും, ഉപയോഗശൂന്യമായതും ബാക്കി വന്നതുമായ ഫ്രഞ്ച് ഫ്രൈസ് ശേഖരിച്ച് ചൂടാക്കി വിളമ്പുകയായിരുന്നു ഇവരെന്നാണ് പരാതി. മനുഷ്യരുടെ ജീവന് പോലും ഭീഷണി സൃഷ്ടിച്ച് ഗുരുതരമായ രീതിയിൽ കൃത്രിമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ കേസെടുത്തത്.
Comments