ഹൈദരാബാദ് : തെലുങ്ക് നടൻ ഡോക്ടർ രാജശേഖറിനും ഭാര്യ ജീവിതയ്‌ക്കും എതിരെ നിർമ്മാതാവ് അല്ലു അരവിന്ദ് നൽകിയ മാനനഷ്ടക്കേസിൽ നാമ്പള്ളി കോടതി ഒരു വർഷത്തെ തടവിന് ശിക്ഷിച്ചതായി റിപ്പോർട്ട്. 2011ൽ, ചിരഞ്ജീവി ബ്ലഡ് ബാങ്ക് നടത്തുന്ന രീതിയിൽ ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ച രാജശേഖറിനും ജീവിതയ്‌ക്കുമെതിരെ അല്ലു അരവിന്ദ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു, തെലുങ്ക് മെഗാസ്റ്റാറും അരവിന്ദിന്റെ ഭാര്യാസഹോദരനുമായ ചിരഞ്ജീവി സ്ഥാപിച്ച സംഘടന കരിഞ്ചന്തയിൽ രക്തം വിൽപന നടത്തുന്നുണ്ടെന്നായിരുന്നു ആരോപണം.
മെഗാസ്റ്റാർ ചിരഞ്ജീവി നടത്തുന്ന ചിരഞ്ജീവി ബ്ലഡ് ബാങ്ക് ദാതാക്കളിൽ നിന്ന് സൗജന്യമായി ശേഖരിച്ച രക്തം യൂണിറ്റിന് 850 രൂപ നിരക്കിൽ വിറ്റുവെന്നായിരുന്നു ഇരുവരും ആരോപിച്ചത്. ബ്ലഡ് ബാങ്കിലും ചിരഞ്ജീവിയുടെ ചാരിറ്റബിൾ ട്രസ്റ്റിലും നിരവധി അഴിമതികൾ ഉണ്ടെന്നു ഇവർ പറഞ്ഞു. 14.5 ലക്ഷം രൂപ സംസ്ഥാന സർക്കാരിൽ നിന്ന് ബ്ലഡ് ബാങ്ക് അറ്റകുറ്റപ്പണികൾക്കായി കൈപ്പറ്റിയതായും അത് ദുരുപയോഗം ചെയ്‌തെന്നും അവർ ആരോപിച്ചു. ഇതിനെതിരെ അല്ലു അരവിന്ദ് മാനനഷ്ടക്കേസ് കൊടുക്കുകയായിരുന്നു. ചിരഞ്ജീവിയുടെ അളിയനാണ് നിർമാതാവായ അല്ലു അരവിന്ദ്.
12 വർഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, ഈ പ്രസ്താവനകൾ അപകീർത്തികരമാണെന്ന് കോടതി കണ്ടെത്തി.ഡോക്ടർ രാജശേഖറിനും ഭാര്യ ജീവിതയ്ക്കും ഒരു വർഷം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് നാമ്പള്ളി കോടതി ചൊവ്വാഴ്ച വിധി പ്രസ്താവിച്ചു. ഇവർക്ക് ജാമ്യം ലഭിച്ചു. ഇരുവരും ഹൈക്കോടതിയിൽ ഹൈക്കോടതിയിൽ അപ്പീൽ നസമർപ്പിക്കാൻ ഒരുങ്ങുകയാണ്.
ചിരഞ്ജീവിയും രാജശേഖറും തമ്മിൽ വർഷങ്ങളായി അഭിപ്രായ വ്യത്യാസമുണ്ട്. 2020ൽ മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (MAA) സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ ഇരുവരും തമ്മിൽ പരസ്യമായി വാക്കുതർക്കമുണ്ടായത് വാർത്തയായിരുന്നു
പുതുമൈ പെൺ എന്ന തമിഴ് ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച രാജശേഖർ, തലമ്പ്രാലു, ശ്രുതിലയലു, ആഹുതി, അങ്കുസം, മഗാഡു, അല്ലരി പ്രിയു, അന്ന, ഓംകാരം, സൂര്യുഡു, ശിവയ്യ, മനസ്സുന്ന മരാജു, മാ അണ്ണയ്യ, സിംഹരാശി തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2022-ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമായ ശേഖറിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
Comments