ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 നാലാമതും ഭൂമിയ്‌ക്ക് മുകളിലായുള്ള ഭ്രമണപഥം ഉയർത്തിയതായി ഐഎസ്ആർഒ. നിലവിൽ 71351-233 കിലോമീറ്റർ ഭ്രമണപഥത്തിലാണ് പേടകം ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുന്നത്. ഭ്രമണപഥം ഉയർത്തുന്നതിൽ ഇനി അവശേഷിക്കുന്ന ഘട്ടം ജൂലൈ 25-ന് ഉച്ചയ്‌ക്ക് രണ്ടിനും മൂന്നിനും ഇടയിൽ നടക്കുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ചൊവ്വാഴ്‌ച്ച വീണ്ടും ഭ്രമണപഥം ഉയർത്തുന്നതോടെ ഭൂമിയുടെ കാന്തികവലയം വിട്ട് ചന്ദ്രനിലേക്കുള്ള കുതിപ്പിന് പേടകം തുടക്കമിടം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചാലും ഇതുപോലെ തന്നെ പടിപടി ആയിട്ടായിരിക്കും ഉപഗ്രഹത്തിന്റെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക.
ചന്ദ്രയാൻ-2ലെ കാര്യങ്ങൾ വിലയിരുത്തി നിരവധി മാറ്റങ്ങളാണ് ചന്ദ്രയാൻ-3യിൽ വരുത്തിയിട്ടുള്ളത്. പ്രധാന ഘടകമായ ലാൻഡറിന്റെ കാലുകൾ മുമ്പത്തേതിനേക്കാൾ ബലപ്പെടുത്തി. ഓർബിറ്റിന് പകരം പ്രൊപ്പൽഷൻ മൊഡ്യൂൾ ആണ് ഇത്തവണ ലാൻഡറിനെയും റോവറിനെയും തൊട്ടടുത്ത് എത്തിക്കുന്നത്. ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതോടെ റോവർ ഇതിൽ നിന്നും വേർപെടും. ലാൻഡറിലെയും റോവറിലെയും വിവിധ ഉപകരണങ്ങൾ ചന്ദ്രനിലെ വാതകങ്ങളെക്കുറിച്ചും രാസപദാർത്ഥങ്ങളെക്കുറിച്ചും പഠനം നടത്തും. ഇന്ത്യയുടെ ഭാവിയിലെ ഗ്രഹാന്തര ദൗത്യങ്ങളുടെ ഗതി നിർണയിക്കുന്നതും ചന്ദ്രയാൻ-3 ആയിരിക്കും.















