തിരുവനന്തപുരം: പ്രബന്ധങ്ങളിൽ കോപ്പിയടി വ്യാപകമായതോടെ നടപടിയ്‌ക്കൊരുങ്ങി സാങ്കേതിക സർവകലാശാല. കോപ്പിയടി കണ്ടെത്താൻ എൽസെവിയർ, നിംബസ്, ടോണിറ്റിൻ എന്നീ സോഫ്റ്റ്‌വെയറുകളും ഓൺലൈൻ ജേണലുകളും വാങ്ങാൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. ഗവേഷണ പ്രവർത്തനങ്ങൾക്കും വിശകലനത്തിനുമായി ക്ലൗഡ് കംപ്യൂട്ടിംഗ് സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി.
അടുത്തിടെ പിഎച്ച്ഡി പ്രബന്ധ വിഷയവുമായി ബന്ധപ്പെട്ട് കോപ്പിയടി വിവാദം ഉയർന്നിരുന്നു. യുവജന കമ്മീഷൻ അദ്ധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ വിവാദം. ‘ബോധി കോമൺസ്’ എന്ന പോർട്ടലിൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനത്തിലെ പരാമർശവും ആശയവും കോപ്പിയടിച്ച് പ്രബന്ധത്തിൽ എഴുതി ചേർത്തെന്നാണ് കണ്ടെത്തിയത്. ‘വാഴക്കുല’യുടെ രചയിതാവ് ചങ്ങമ്പുഴ എന്നതിന് പകരം വൈലോപ്പിള്ളിയെന്ന് എഴുതി ചേർത്തതും വിവാദമായിരുന്നു. ബോധി കോമൺസിലെ ലേഖനത്തിലാണ് ഈ തെറ്റ്. ഇത് അതേരീതിയിൽ ചിന്ത പകർത്തിയെഴുതിയതാണ് വിവാദമായത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്റെ പിഎച്ച്ഡിയും വിവാദമായിരുന്നു. അനധികൃതമായാണ് രതീഷ് പിഎച്ച്ഡി നേടിയതെന്നാണ് കണ്ടെത്തൽ. ഹയർസെക്കൻഡറി അദ്ധ്യാപകനായി ജോലി ചെയ്ത കാലയളവിൽ അസം സർവകലാശാലയിൽ നിന്നും ഫുൾടൈം പിഎച്ച്ഡി നേടിയതെന്നാണ് രേഖയിലുള്ളത്.
കോളേജുകളിലും കോപ്പിയടി സ്ഥിരമാവുകയാണ്. കൂട്ട കോപ്പിയടി നടന്ന പാലക്കാട് അൽ അമീൻ കോളേജിലെ പരീക്ഷാകേന്ദ്രം ഒരു വർഷത്തേക്ക് റദ്ദാക്കി. പരീക്ഷ നടത്തിപ്പിലും ഗുരുതര വീഴ്ചയാണ് കണ്ടെത്തിയത്. തുടർന്ന് ശ്രീകൃഷ്ണപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിന് പിഴ ചുമത്താനും വിഷയത്തിൽ അന്വേഷണം നടത്താനും തീരുമാനമായിരുന്നു.
ഒരു ഗവേഷണ വിദ്യാർത്ഥി രാവുകൾ പകലുകളാക്കി അദ്ധ്വാനിച്ചാണ് ഗവേഷണ പ്രബന്ധം രചിക്കുന്നത്. കഠിനമായ കോഴ്‌സ് വർക്കും, ടേം പേപ്പറുകളും, നിരന്തരമായ പ്രോഗ്രസ് പ്രസന്റേഷനുകളും, സെമിനാർ അവതരണവും, യുജിസി മാനദണ്ഡങ്ങൾ പാലിക്കുന്ന ജേണലുകളിൽ പേപ്പർ പ്രസിദ്ധീകരിക്കലും തുടങ്ങി 4-5 വർഷം സ്ഥിരതയോടെ ഒരു വിഷയത്തിൽ താത്പര്യം നഷ്ടപ്പെടാതെ പരിശ്രമിച്ചാൽ മാത്രം ലഭിക്കുന്ന ഒന്നാണ് ഉയർന്ന ഗവേഷണ ബിരുദമായ പിഎച്ച്ഡി.















