കാസർകോട്: കാസർകോട് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് സംഭവവുമായി ബന്ധപ്പെട്ട കേസിൽ അഡ്വ. സി.ഷുക്കൂർ ഉൾപ്പെടെ നാലുപേർക്കെതിരേ കേസെടുക്കാൻ കോടതി നിർദ്ദേശം. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഷുക്കൂർ ഉൾപ്പെടെയുള്ളവർ തന്റെ പേരിൽ വ്യാജ രേഖ നിർമ്മിച്ചതായി കാണിച്ച് കളനാട് കട്ടക്കാൽ സ്വദേശി എസ്.കെ.മുഹമ്മദ് കുഞ്ഞി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം.
ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഡയറക്ടർമാരെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ 11-ാം പ്രതിയായ മുഹമ്മദ് കുഞ്ഞി ഹർജിയുമായി കോടതിയെ സമീപിച്ചത്. തന്റെ അറിവോടുകൂടിയല്ല തന്നെ കമ്പനിയുടെ ഡയറക്ടറാക്കിയത് എന്നാണ് മുഹമ്മദ് കുഞ്ഞിയുടെ വാദം. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾ, മകൻ ഇഷാം, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ് സതീഷ് എന്നിവർക്കെതിരെയും കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
എന്നാൽ വ്യാജരേഖ നിർമ്മിച്ചതിൽ തനിക്ക് യാതൊരു ബന്ധമില്ലെന്ന് അഡ്വ. സി.ഷുക്കൂർ പറഞ്ഞു. കേസുമായി പോലീസ് മുന്നോട്ടുപോകട്ടെയെന്നും തെറ്റിദ്ധാരണകളുടെ പുറത്താകാം തനിക്കെതിരെ പരാതി നൽകിയതെന്നും ഷുക്കൂർ പറഞ്ഞു.
Comments