കിടക്ക വിരി കൃത്യമായി മാറ്റണം എന്നത് പ്രധാനമാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് കൃത്യമായി മാറ്റണം. കിടക്കയിലെ ബെഡ്ഷീറ്റ് മാറ്റുന്നതും ആരോഗ്യ സംരക്ഷണവുമായി വളരെ ഏറെ ബന്ധമാണുള്ളത്. ഇപ്പോഴത്തെ ജീലവിത ശൈലി വെച്ച് നോക്കുകയാണെങ്കിൽ ഓരോ വ്യക്തികളും ഏറ്റവും കൂടുതൽ സമയം ചിലവിടുന്നത് കിടക്കയിലാണ്. അതുകൊണ്ട് തന്നെ വീട് വൃത്തിയാക്കുന്നതു പോലെ തന്നെ പ്രധാനമാണ് കിടക്ക വൃത്തിയാക്കുന്നതും.
നമ്മുടെ ശരീരത്തിലെ അഴുക്ക്, എണ്ണമയം, തലയിലെ താരൻ എന്നിവയെല്ലാം കട്ടിലിൽ വിരിച്ചിരിക്കുന്ന ബെഡ്ഷീറ്റിലും വരാം. ഇത് കൂടാതെയുള്ള അഴുക്കും പൊടിയും ബെഡ്ഷീറ്റിലുണ്ട്. എപ്പോഴും ഷീറ്റ് കഴുകുന്നത് ഷീറ്റ് നശിച്ച് പോകാനുള്ള സാധ്യത കൂടുതലാണെന്നാണ് എല്ലാവരും കരുതുന്നത്. അങ്ങനെ കഴുകാൻ സാധിച്ചില്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റാൻ ശ്രദ്ധിക്കണം.
മനുഷ്യരുടെ കണ്ണിൽ പോലും പെടാത്ത അഴുക്കായിരിക്കും ചിലപ്പോൾ ബെഡ് ഷീറ്റിലുള്ളത്. അതുകൊണ്ട് തന്നെ ആഴ്ചയിൽ ഒരിക്കൽ കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ബെഡ് ഷീറ്റ് മെഷീനിലാണ് കഴുകുന്നതെങ്കിൽ കുറഞ്ഞ ചൂടിൽ കഴുകാൻ മറക്കരുത്. ഷീറ്റുകളുടെ ഭംഗി നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും. കാപ്പി, ചായ പോലെയുള്ള കറകൾ മാറ്റാൻ വേണമെങ്കിൽ ചെറിയ ചൂട് വെള്ളത്തിൽ കഴുകാവുന്നതാണ്.
ബെഡ്ഷീറ്റിൽ കറകൾ ആയിട്ടുണ്ടെങ്കിൽ ഷീറ്റിന്റെ കളർ പോകാത്ത ബ്ലീച്ചുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കളർ മങ്ങി പോകുന്ന പ്രശ്നമുള്ളവർ വെള്ള ഷീറ്റുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. പുതിയ ഷീറ്റുകൾ വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്ക് ഒക്കെ ചില സമയത്ത് ഷീറ്റുകൾ ഉപയോഗിക്കുമ്പോൾ ചൊറിച്ചിൽ വരാൻ സാധ്യതയുണ്ട്. ഇത് മാറ്റാൻ തുണി കഴുകുമ്പോൾ അതിൽ വിനാഗിരി ഒഴിക്കുന്നത് ഗുണം ചെയ്യും.















