എറണാകുളം: കടലിന്റെ നടുക്ക് പക്ഷാഘാതം വന്ന നാവികന്റെ ജീവൻ രക്ഷിച്ചു ഇന്ത്യൻ തീര സംരക്ഷണ സേന. യു.എ.ഇ.യിലെ ഖോർഫക്കാനിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്ന എംടി ഗ്ലോബൽ സ്റ്റാർ എന്ന ടാങ്കറിൽ നിന്നാണ് നാവികൻ സേന രക്ഷപെടുത്തിയത്.
ഈ കപ്പൽ ജൂലൈ 10 ന് സാങ്കേതിക തകരാർ കാരണം കോഴിക്കോട് നിന്ന് 52 മൈൽ പടിഞ്ഞാറ് നങ്കൂരമിടുകയായിരുന്നു. ജൂലായ് 23-ന് ഇറ്റലിയിലെ സെൻട്രോ ഇന്റർനാഷണൽ റേഡിയോ മെഡിക് (CIRM) വഴി ഈ കപ്പലിലെ പ്രദീപ് ദാസ് എന്ന നാവികന് വൈദ്യ സഹായം ആവശ്യമുണ്ടെന്നുളള സന്ദേശം മുംബൈ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിന് ലഭിച്ചു. ഗ്ലോബൽ സ്റ്റാർ കപ്പലിലെ ജീവനക്കാരിൽ ഒരാൾക്ക് ഉയർന്ന രക്തസമ്മർദ്ദം, ഭാഗിക പക്ഷാഘാതം എന്നിവ ഉണ്ടെന്നായിരുന്നു സന്ദേശം
ഇതോടെ കേരളം – മാഹി എന്നിവിടങ്ങൾക്കായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആസ്ഥാനം ഉണർന്നു പ്രവർത്തിക്കുകയായിരുന്നു. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ALH MK-III മുഖേന ഗ്ലോബൽ സ്റ്റാറിൽ നിന്ന് ഇന്ന് പ്രദീപ് ദാസിനെ രക്ഷിച്ചു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ ഗൗതം ആശുപത്രിയിലേക്ക് മാറ്റി.
നടുക്കടലിൽ വൈദ്യ സഹായം ആവശ്യമുണ്ടായിരുന്നു അനവധി നാവികർക്ക് ഇതിനു മുൻപും ഭാരതീയ തീര സംരക്ഷണ സേന രക്ഷകരായിട്ടുണ്ട്.
Comments