നിയാമൈ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ പട്ടാള അട്ടിമറി. അട്ടിമറിയെ തുടർന്ന് പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ പുറത്താക്കുകയാണെന്നും ജനങ്ങൾക്കായി തങ്ങൾ അധികാരം ഏറ്റെടുക്കുകയാണെന്നും പുറത്തുവിട്ട വീഡിയോയിൽ സൈന്യം വ്യക്തമാക്കി. രാജ്യത്തിന്റെ അതിർത്തികൾ അടച്ചതായും രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയതായും വീഡിയോയിലൂടെ കേണൽ-മേജർ അമദൗ അബ്ഡ്രാമനെ അറിയിച്ചു.
ദേശീയ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യാനായി കൈമാറിയ വീഡിയോയിൽ കേണൽ-മേജർ അമദൗ അബ്ഡ്രാമനെ പറഞ്ഞു, ”പ്രതിരോധ-സുരക്ഷാ സേന നിലവിൽ തുടരുന്ന ഭരണം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിലവിലത്തെ ഭരണസംവിധാനം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും പരാജയപ്പെട്ടു. നൈജറിലെ എല്ലാ ഭരണഘടനാസ്ഥാപനങ്ങളും സസ്‌പെൻഡ് ചെയ്തതായും വീഡിയോയിൽ അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ വിദേശ-രാജ്യങ്ങൾ ഇടപെടരുതെന്നും മേജർ അമദൗ അബ്ഡ്രാമനെ മുന്നറിയിപ്പ് നൽകി.
എലൈറ്റ് ഗാർഡ് യൂണിറ്റിലെ അംഗങ്ങൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് നൈജറിലെ ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. കൂടാതെ പ്രസിഡന്റ് ബസൂമിനെ കലാപകാരികൾ കൊട്ടാരത്തിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. നിലവിൽ പ്രസിഡന്റ് ബാസൂം എവിടെയെന്ന് വ്യക്തമല്ല.
നൈജറിന്റെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് എന്ന നിലയിൽ അമേരിക്ക അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ന്യൂസിലാൻഡിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഞാൻ ഇന്ന് രാവിലെ പ്രസിഡൻറ് ബസൂമുമായി സംസാരിച്ചു, അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു, ബ്ലിങ്കെൻ കൂട്ടിച്ചേർത്തു.
Comments