ലോകത്തെ ഏറ്റവും വലിയ മ്യൂസിയം ഇനി രാജ്യ തലസ്ഥാനത്ത്. ‘യുഗേ യുഗീൻ ഭാരത് നാഷണൽ മ്യൂസിയം’ എന്നാകും മ്യൂസിയത്തിന്റെ പേര്. ഡൽഹിയുടെ ഹൃദയഭാഗത്ത് നോർത്ത്-സൗത്ത് ബ്ലോക്കുകളിലായാണ് പുതിയ മ്യൂസിയമെത്തുക. 1.17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ 950 മുറികൾ മൂന്ന് നിലകളിലുമായി വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. മെയ് 18-ന് അന്താരാഷ്‌ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ചാകും മ്യൂസിയം നാടിന് സമർപ്പിക്കുക.
‘യുഗേ യുഗീൻ ഭാരത്’ എന്ന പദം സംസ്‌കൃതത്തിൽ നിന്ന്് ഉരുത്തിരിഞ്ഞതാണ്. ‘അനന്തമായ ഇന്ത്യ’ എന്നാണ് അർത്ഥം. 1.17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 950 മുറികളുള്ള മ്യൂസിയം ഒരു ബേസ്മെന്റിലും ഗ്രൗണ്ടിലും രണ്ട് നിലകളിലുമായി വ്യാപിച്ചുകിടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5,000-ത്തിലധികം വർഷത്തെ ഇന്ത്യയുടെ സമ്പന്നമായ നാഗരികയും സംസ്‌കാരവും പ്രദർശിപ്പിക്കുന്നയിടമാകും ഈ മ്യൂസിയം. ഇന്ത്യൻ നാഗരികതയുടെ പ്രയാണത്തെയും ചരിത്രത്തെയും അടയാളപ്പെടുത്തുന്ന വിവിധ വിഭാഗങ്ങളായ ‘ഖണ്ഡങ്ങൾ’ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.
ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് പഠിക്കാൻ താൽപ്പര്യമുള്ളവർക്കുള്ള മികച്ചയിടമായിരിക്കും മ്യൂസിയമെന്നതിൽ സംശയമില്ല.ഇന്ത്യൻ കല, വാസ്തുവിദ്യ, സംഗീതം, നൃത്തം, സാഹിത്യം, തത്ത്വചിന്ത എന്നിവയെക്കുറിച്ചുള്ള പ്രദർശനങ്ങൾ പ്രതീക്ഷിക്കാം. ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതശാസ്ത്രം എന്നീ മേഖലകളിൽ ഇന്ത്യയുടെ സംഭാവനകളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. ചുരുക്കത്തിൽ ഇന്ത്യയുടെ ചരിത്രം വരയിച്ചിടുന്ന ഇടമാകും ‘യുഗേ യുഗീൻ ഭാരത് നാഷണൽ മ്യൂസിയം’.
നോർത്ത് ബ്ലോക്കിലെയും സൗത്ത് ബ്ലോക്കിലെയും നിലവിലുള്ള കെട്ടിടങ്ങൾ ദേശീയ മ്യൂസിയമാക്കി മാറ്റും. 2021-ൽ നോർത്ത്, സൗത്ത് ബ്ലോക്കുകൾ മ്യൂസിയങ്ങളാക്കി മാറ്റാനുള്ള പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയത്തിന്റെ നോർത്ത്, സൗത്ത് ബ്ലോക്കുകൾ 1930 കളിലാണ് നിർമ്മിച്ചത്. സൗത്ത് ബ്ലോക്കിൽ പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയും നോർത്ത് ബ്ലോക്കിൽ ധന, ആഭ്യന്തര മന്ത്രാലയങ്ങളും പ്രവർത്തിക്കുന്നു. ഇന്റർനാഷണൽ എക്്‌സിബിഷൻ-കം-കൺവെൻഷൻ സെന്റർ (ഐഇസിസി) സമുച്ചയം ഉദ്ഘാടനം ചെയ്ത വേളയിലാണ് യുഗേ യുഗീൻ ഭാരതിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കിയത്.
Comments