ഹൈദരാബാദ്: കഴിഞ്ഞ ദിവസം ആരാധകരെ ആശങ്കയിലാക്കി നടൻ പ്രഭാസിന്റെ ഫേസ്ബുക്ക് പേജിലൂടെ രണ്ട് വീഡിയോകൾ വൈറലായിരുന്നു. വീഡിയോയും അടികുറിപ്പും ആരാധകരെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കി. താരത്തിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു എന്ന് അറിയിച്ചുകൊണ്ട് മറ്റൊരു പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഹാക്ക് ചെയ്ത വിവരം ടീം അന്വേഷിക്കുകയാണെന്നും താരം അറിയിച്ചു.
ഇന്നലെ രാത്രിയാണ് ‘നിർഭാഗ്യവാനായ മനുഷ്യൻ’എന്ന അടികുറിപ്പോടെ ഒരു വീഡിയോ താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങിയത്. തൊട്ടു പിന്നാലെ ‘ലോകം മുഴുവൻ പരാജയപ്പെടുന്ന ബാൾ’എന്ന അടികുറിപ്പോടെ മറ്റൊരു വീഡിയോയും പോസ്റ്റ് ചെയ്തു. ഈ രണ്ട് വീഡിയോയും പ്രഭാസിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ അത്ഭുതപ്പെട്ടു. താരത്തിന് എന്ത് പറ്റി എന്നതടക്കം വ്യാപകമായ കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നത്.
വീഡിയോ പോസ്റ്റ് ചെയ്ത് അധികം വൈറലാകുന്നതിന് മുമ്പ് തന്നെ അത് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട കാര്യം സ്ഥിരീകരിച്ച് പ്രഭാസ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയുമായെത്തിയത്. ‘ഹലോ, എന്റെ ഫേസ്ബുക്ക് പേജ് കോംപ്രമൈസ് ചെയ്യപ്പെട്ടിരിക്കുകയാണ്. ടീം ഇത് പരിഹരിക്കാൻ ശ്രമിക്കുന്നു’എന്നായിരുന്നു സ്റ്റോറി. ഈ പോസ്റ്റ് വന്നതോടെ ആരാധകരുടെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉത്തരം ലഭിച്ചു.
‘കൽകി 2898 എഡി’എന്ന ചിത്രത്തിലാണ് പ്രഭാസ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവർ അഭിനയിക്കുന്ന ബിഗ്ബജറ്റ് ചിത്രമാണിത്. ചിത്രം അടുത്തിടെ അമേരിക്കയിലെ സാൻറിയാഗോയിലെ കോമിക് കോണിൽ പ്രഖ്യാപിച്ചിരുന്നു. അന്തർദേശീയ വേദിയിൽ പ്രഖ്യാപിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി കൽകി 2898 എഡി മാറിയിരിക്കുകയാണ്. രണ്ട് ഭാഗമായി ചിത്രം റിലീസ് ചെയ്യും എന്നാണ് വിവരം. ചിത്രത്തിന്റെ ആദ്യ ഭാഗം മെയ്യിൽ പുറത്തിറങ്ങും.
Comments